ഭിന്നതയിലും ഏകത്വം: പാക് പൗരൻ ഡൊ ഉസ്മാൻ, മൂന്ന് മാസത്തെ ഇന്ത്യൻ പരിശീലനം പൂർത്തിയാക്കി ജന്മനാട്ടിലേക്ക് മടങ്ങി

single-img
19 November 2015

Usman

ചെന്നൈ: ഇന്ത്യയിലേക്ക് ആദ്യം വരാന്‍ തീരുമാനിച്ചപ്പോള്‍ ഡോ. ഉസ്മാന്‍ ഖാലിദിന്റെ മനസ്സില്‍ ഭീതിയായിരുന്നു. യാത്ര, താമസം, മറ്റുള്ളവരുടെ പെരുമാറ്റം എന്നിവയൊക്കെ എങ്ങനെയായിരിക്കുമെന്ന ചിന്ത അദ്ദേഹത്തെ വളരെയധികം അലട്ടിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കാലുകുത്തിയ നിമിഷം തന്നെ തന്റെ സംശയങ്ങളും ആശങ്കകളുമെല്ലാം ഉസ്മാനില്‍ നിന്ന് വിട്ടുപോയി. മദ്രാസ് മെഡിക്കല്‍ മിഷനില്‍ ഡോ. ഉസ്മാന് ലഭിച്ച സ്വീകരണം അത്ര ഊഷ്മളമായിരുന്നു.

ഇന്റര്‍നാഷനല്‍ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ ഫെലോഷിപ് ലഭിച്ചാണ് പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ നിന്നും ഡോ. ഉസ്മാന്‍ പരിശീലനത്തിനായി ഇന്ത്യയില്‍ എത്തിയത്. പാകിസ്ഥാന്‍ സ്വദേശിയായ നെഫ്‌റോളജിസ്റ്റ് ഡോ. ഉസ്മാന്‍ ഖാലിദ് മദ്രാസ് മെഡിക്കല്‍ മിഷനിലെ മൂന്നുമാസത്തെ പരിശീലനത്തിനൊടുവില്‍ സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഡോ. ജോര്‍ജി എബ്രഹാമിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കി ഉസ്മാന്‍ കഴിഞ്ഞദിവസം മടങ്ങിയപ്പോള്‍ അദ്ദേഹത്തോട് ഒരു വാക്കും പറഞ്ഞു; സമയം കിട്ടുമ്പോഴൊക്കെ ഉറപ്പായും വീണ്ടും വരുമെന്ന്. മദ്രാസ് മെഡിക്കല്‍ മിഷനിലെ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായ ഹൃദ്യമായ ഇടപെടല്‍ തന്നെയായിരുന്നു ഉസ്മാനെ ഈ വാക്കുകള്‍ പറയാന്‍ പ്രേരിപ്പിച്ചത്.

നെഫ്രോളജിസ്റ്റ് എന്ന നിലയില്‍ തന്റെ പ്രഫഷനല്‍ ജീവിതത്തില്‍ വലിയ മുതല്‍ക്കൂട്ടായിരുന്നു മദ്രാസിലെ പരിശീലനകാലം, ഡോ. ജോര്‍ജി എബ്രഹാമിന്റെ നേതൃത്വത്തിലുളള നെഫ്രോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്നും ഉസ്മാന്‍ പറയുന്നു. മദ്രാസ് മെഡിക്കല്‍ മിഷനിലെ അനുഭവങ്ങള്‍ തന്റെ പ്രഫഷനല്‍ ജീവിതത്തില്‍ മാത്രമല്ല ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ പോലും മാറ്റമുണ്ടാക്കി. നേര്‍ അനുഭവങ്ങളില്ലാതെയാണ് ഇന്ത്യയിലും പാകിസ്ഥനിലുമുള്ളവര്‍ പരസ്പരം വിലയിരുത്തുന്നത്. ചെന്നൈയിലെ താമസം തന്റെ തെറ്റിധാരണയൊക്കെ മാറ്റിമറിച്ചു; ഡോ. ഉസ്മാന്‍ ഖാലിദ് പറഞ്ഞു.