കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചേരി മാറി വോട്ട് ചെയ്തതോടെ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എല്‍.ഡി.എഫ് ഭരണം പിടിച്ചു

single-img
18 November 2015

Sulthan_Batheryസുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചേരി മാറി വോട്ട് ചെയ്തതോടെ ഭരണം എല്‍.ഡി.എഫിന് കിട്ടി. സി.പി.എമ്മിലെ സി.കെ.സഹദേവനാണ് ചെയര്‍മാന്‍. കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച ടി.എല്‍. സാബുവാണ് മുന്നണി ധാരണയ്ക്ക് വിരുദ്ധമായി ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത്.

സഹദേവന് പതിനെട്ടും മുസ്ലിംലിഗിലെ പി.പി.അയൂബിന് പതിനാറും വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പി. അംഗം എം.കെ.സാബു വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ് ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുത്ത ചെയര്‍മാന്‍ സ്ഥാനത്തിനുവേണ്ടി മുസ്ലിംലീഗും കേരള കോണ്‍ഗ്രസ് എമ്മും അവകാശവാദം ഉന്നയിച്ചതാണ് ഒടുവില്‍ യു.ഡി.എഫിന്റെ തോല്‍വിയിലേക്ക് വഴിവെച്ചചത്.

മുസ്ലിംലീഗിന് എട്ടും കേരള കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് നഗരസഭയില്‍ ഉണ്ടായിരുന്നത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരുമെന്ന് കരുതിയിരിക്കുമ്പോഴാണ് സാബു ചേരിമാറിയത്. കട്ടയാട് വാര്‍ഡില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് സാബു നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.