വൃക്കരോഗിയായ സുജിതയ്ക്ക് കിഡ്‌നി മാറ്റിവയ്ക്കാനുള്ള തുക സ്വരൂപിക്കാന്‍ ഇന്നലെ നിരത്തിലിറങ്ങിയത് 14 സ്വകാര്യ ബസുകള്‍

single-img
18 November 2015

Bus koottilangadi

അച്ഛനില്ലാത്ത സുജിതയ്ക്കു വേണ്ടി എട്ട് സ്വകാര്യ ബസുകള്‍ തങ്ങളുടെ കളക്ഷന്‍ നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ മറ്റുബസുകള്‍ക്കും അതു കണ്ടുനില്‍ക്കാനായില്ല. ഇന്നലെ മലപ്പുറം ജില്ലയിലോടിയ 14ബസുകള്‍ സുജിതയുടെ ചികിത്സാ ആവശ്യവുമായായിരുന്നു. പടിഞ്ഞാറ്റുമുറി ചമ്പ്രാട്ടു സുജിത എന്ന 21കാരിയുടെ കിഡ്‌നി മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് ആവശ്യമായ തുക കണ്ടെത്തുക എന്ന അവരുടെ ലക്ഷ്യത്തോടെ ബസുകളുടേയും ഇന്നലെ ലഭിച്ച വരുമാനം ജീവകാരുണ്യത്തിനു ചെലവഴിച്ചു അവര്‍ സംസ്ഥാനത്തിനു തന്നെ മാതൃകയായി.

എട്ട് ബസുകളാണ് ആദ്യം ഈ ആവശ്യവുമായി ഓടാന്‍ തയ്യാറായതെങ്കിലും അതിനൊപ്പം മറ്റു ബസുകളും ചേ രുകയായിരുന്നു. മലപ്പുറംപള്ളിപ്പുറംമഞ്ചേരി റൂട്ടുകളിലോടുന്ന സോപാനം,കൂരിമണ്ണില്‍, അദ്‌നാന്‍,അറഫ,മൈ സണ്‍,പി.സി.എന്‍,ക്ലാസിക്,നാക്ക്,ബി.ടി.എസ്,അഫ്‌റാദ്,പി.ടി.എ,മോളുട്ടി,ബ്രൈറ്റ്,ടോപ്പ് സ്റ്റാര്‍ എന്നീ ബസുകള്‍ തങ്ങളുടെ നാട്ടിലെ ഒരു പെണ്‍കുട്ടിയുടെ കാരുണ്യാവശ്യത്തിനായി ഓടിയപ്പോള്‍ അതൊരു ചരിത്ര സംഭവമായി മാറുകയായിരുന്നു.

ബസ് മുതലാളിമാരുടെ ഉടമസ്ഥതയിലുള്ള ഈ ബസുകളിലെ 50ലധികം ജീവനക്കാരും തീര്‍ത്തും സൗജന്യമായാണ് ഇന്നലെ തൊഴിലെടുത്തത്. ഡീസലിനാവശ്യമായ പണം കഴിച്ച് മുഴുവന്‍ തുകയും ചികിത്സാ ഫണ്ടിലേക്ക് നല്‍കിയെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന സ്മാര്‍ട്ട് ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ അറിയിച്ചു.

സുജിതക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് ചികിത്സ നല്‍കുന്നത്. ആകെ പത്ത് ലക്ഷം ഇതിന് വേണ്ടി ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബസുകളില്‍ നിന്ന് ലഭിച്ച തുകക്ക് പുറമേ ചികിത്സക്ക് ആവശ്യമായ പണം നാട്ടുകാരില്‍ നിന്നും മറ്റു ഉദാരമദികളില്‍ നിന്നും പ്രവര്‍ത്തകര്‍ സ്വരൂപിക്കുന്നുണ്ട്. നല്ല പ്രതികരണമാണ് ഈ ഉദ്യമത്തിന് നാട്ടുകാരില്‍ നിന്നും ലഭിക്കന്നതെന്നും സ്മാര്‍ട്ട് അധികൃതര്‍ അറിയിച്ചു.