രഞ്ജിയില്‍ കേരളത്തിന്റെ സ്വപ്‌നതുല്യമായ തിരിച്ചുവരവ്, പുത്തന്‍ പ്രതീക്ഷകളുമായി സീസണ്‍ ആരംഭിച്ചു

single-img
18 November 2015

Swapna Thulyam

കഴിഞ്ഞ വര്‍ഷത്തെ രഞ്ജി മത്സരം കേരളത്തിന് ഇന്നും ഓര്‍മ്മകാണും. ഗ്രൂപ്പ് ഘട്ടത്തില്‍ താഴ്ന്ന സ്ഥാനവുമായായിരുന്നു അന്ന് കേരള രഞ്ജി ടീം നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ കേരളാ ടീമിന്റെ ഇത്തവണത്തെ പ്രകടനം വളരെയേറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ആറു കളികളില്‍ തോറ്റത് ഒരെണ്ണം മാത്രം. ചൊവ്വാഴ്ച ഗോവയ്‌ക്കെതിരെ നേടിയ ഇന്നിങ്‌സ് വിജയത്തിന് പുറമെ സമനില നേടിയ മറ്റു നാലു കളികളിലും ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. രഞ്ജി ട്രോഫി വിജയം മുന്നില്‍കണ്ടുള്ള ശുഭകരമരമായ ജൈതയാത്ര തന്നെയാണ് കേരളം തുടരുന്നത്.

യുവനിര കളിക്കാര്‍ തന്നെയാണ് കേരളത്തിന്റെ കരുത്ത്. ബൗളിങ് മികവാണ് കേരളത്തിന്റെ ശക്തികേന്ദ്രം. കഴിഞ്ഞ ദിവസം ഗോവക്കെതിരെ നേടിയ ഇന്നിങ്‌സ് ജയം ബൗളിങ് മികവിനെ സൂചിപ്പിക്കുന്നതാണ്. തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച മീഡിയം പേസ് ബൗളര്‍ സന്ദീപ് വാര്യരുടെ മികവാണ് എടുത്ത് പറയേണ്ടത്. പോര്‍വോറിമിലെ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ ഒമ്പത് വിക്കറ്റുകളുമായി സംഹാരതാണ്ഡവമാടിയ സന്ദീപിന്റെ കരുത്തിലാണ് കേരളം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. കേരളത്തിന്റെ 441 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിങ്‌സില്‍ 191 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ ചെയ്ത ആതിഥേയര്‍ രണ്ടാം ഇന്നിങ്‌സില്‍ 167 റണ്‍സിനാണ് തകര്‍ന്നത്. ഒന്നാം ഇന്നിങ്‌സില്‍ 44 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത സന്ദീപ് രണ്ടാം ഇന്നിങ്‌സില്‍ 31 റണ്‍സിന് മൂന്നു വിക്കറ്റെടുത്തു. കരിയറില്‍ അഞ്ചാം തവണയും സീസണില്‍ രണ്ടാം തവണയുമാണ് സന്ദീപ് അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. ഇടംകൈയന്‍ സ്പിന്നര്‍ കെ.എസ്. മോനിഷിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. മോനിഷ് ഇതുവരെ 31 വിക്കറ്റുകള്‍ സ്വന്തമാക്കി കഴിഞ്ഞു.

കളി ഒരു ദിവസം ബാക്കിയിരിക്കെ ഇന്നിങ്‌സിനും 83 റണ്‍സിനും ജയിച്ചുകയറിയ കേരളം നോക്കൗട്ട് സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ്. ഈ മത്സരത്തില്‍നിന്ന് ഏഴു പോയന്റ് ലഭിച്ച കേരളത്തിന് ഇതോടെ 19 പോയന്റായി. കേരളത്തിന്റെ ഫാബിദ് അഹ്മദാണ് മാന്‍ ഓഫ് ദ മാച്ച്.

തിരുവനന്തപുരത്തുകാരന്‍ രോഹന്‍ പ്രേം മുന്നില്‍ നിന്നു നയിക്കുന്ന കേരളത്തിന്റെ ബാറ്റിങ് നിര സീസണില്‍ ഇതുവരെ ഏഴു സെഞ്ചുറികള്‍ നേടി. കേരളത്തിനായി ഏക ഡബിള്‍ സെഞ്ചുറി നേടിയ രോഹന്‍ റണ്‍ വേട്ടയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഓപ്പണര്‍ വി.എ. ജഗദീഷ് 327 റണ്‍സുമായി കരുത്തുകാട്ടുന്നു. പുതുമുഖതാരം ഫാബിദ് ഫറൂഖിന്റെ സെഞ്ച്വറി രഞ്ജി ട്രോഫിയിലെ കേരള താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയായി മാറി. കൂടാതെ നായകന്‍ സഞ്ജു സാംസണിന്റെ മികവും കേരളത്തിന്റെ പ്രതീക്ഷ കൂട്ടുന്നു.

കേരള രഞ്ജി ട്രോഫി പ്രകടനത്തെ സ്വപ്‌ന തുല്യം എന്ന് വിശേഷിപ്പിച്ചാല്‍ അതൊരിക്കലും അധികമാകില്ല. കഴിഞ്ഞ തവണ ഇത്തവണ എലൈറ്റ് ഗ്രൂപ്പ് പ്രതീക്ഷകളുമായി കളം വാഴുന്നത്.

സീസണിലെ റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും മുന്‍നിരയില്‍ ഇത്തവണ കേരള താരങ്ങളുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പുതിയ ചെറുപ്പക്കാരാണ് ഇപ്പോള്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരള ജഴ്‌സിയിളുള്ളത് പ്രതീക്ഷയുയര്‍ത്തുന്നുവെന്ന് പരിശീലകന്‍ പി. ബാലചന്ദ്രന്‍ അഭിമാനത്തോടെ പറയുന്നു.

പോയിന്റ് പട്ടികയില്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് കേരളം. നിരാശയുടെ സമനിലകള്‍ പിന്നിട്ട് ഗോവയ്‌ക്കെതിരെ നേടിയ ഇന്നിങ്‌സ് ജയം കേരളത്തിന്റെ എലൈറ്റ് സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇനി ബാക്കിയുള്ള രണ്ടു മത്സരങ്ങളില്‍ ഒരു ജയവും ഇന്നിങ്‌സ് ലീഡോടെ സമനിലയും നേടിയാല്‍ കേരളത്തിന് എലൈറ്റ് ബര്‍ത്ത് ഉറപ്പിക്കാം. ഹിമാചല്‍ പ്രദേശിനോടും സൗരാഷ്ട്രയോടുമാണ് കേരളത്തിന് ഗ്രൂപ്പ് ഘട്ടത്തില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍. ഇരുവരും ഗ്രൂപ്പില്‍ ശക്തരാണ്. എന്തിനും കെല്‍പ്പുള്ള കേരളത്തിന്റെ യുവനിര ജയം നേടുകതന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.