പെണ്‍ വിപ്ലവം രചിച്ച് കാസര്‍കോട് നഗരസഭ; ബിഫാത്തിമ പുതിയ ചെയര്‍പേഴ്‌സണ്‍

single-img
18 November 2015

Parda Viplavam

കാസര്‍കോട്: കാസര്‍കോട്ടെ മുസ്ലീം ലീഗിന്റെ പെണ്‍പട കരുത്തുകാട്ടിയ തദ്ദേശ തെരെഞ്ഞെടുപ്പാണ് കേരളം സാക്ഷിയായത്. വലതുപക്ഷവും ബിജെപിയും ശക്തമായ കാസര്‍കോട് മേഖലയില്‍ ഈ വട്ടം ലീഗിനെ അണിനിരത്തി യുഡിഎഫ് വിജയം പിടിച്ചെടുക്കുകയായിരുന്നു. വിജയിച്ചവരില്‍ ഭൂരിഭാഗവും പെണ്‍ സ്ഥാനാര്‍ത്ഥികള്‍.
38 വാര്‍ഡുകളില്‍ തെരെഞ്ഞെടുപ്പ് നടത്തിയതില്‍ 20 വാര്‍ഡുകളും ജയിച്ചാണ് യുഡിഎഫ് അധികാരത്തില്‍ വന്നത്. അതില്‍ 14 പേരും മുസ്ലീം ലീഗിന്റെ വനിതാ സ്ഥാനാര്‍ഥികള്‍. കാസര്‍കോട് കോലമ്പാടി വാര്‍ഡില്‍ നിന്നും ആകെ 488 വോട്ടികളില്‍ 395ഉം നേടി വന്‍ പൂരിപക്ഷത്തില്‍ ജയിച്ച മുസ്ലീം ലീഗിലെ ബീഫാത്തിമ ഇബ്രാഹിമിനെ ബുധനാഴ്ച കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു.

ഓപ്പണ്‍ ബാലറ്റ് വഴിയാണ് ചെയര്‍ പേഴ്‌സണായി ബിഫാത്തിമയെ തെരെഞ്ഞെടുത്തത്. മുസ്ലീം ലീഗിന്റെ 20 വോട്ടിന് പുറമെ ബീഫാത്തിമയ്ക്ക് ഒരു വോട്ട് കൂടുതലായി കിട്ടി. ഫോര്‍ട്ട് റോഡില്‍ നിന്നും ലീഗ് വിമതനായി വിജയിച്ച റാഷിദ് പൂരണത്തിന്റെ വോട്ടാണ് ബീഫാത്തിമയ്ക്ക് അധികമായി കിട്ടിയത്.

ബി ജെ പിയിലെ സവിതയെയാണ് ബീഫാത്തിമ പരാജയപ്പെടുത്തിയത്. സവിതയ്ക്ക് 14 വോട്ടാണ് ലഭിച്ചത്. അതേസമയം പള്ളം വാര്‍ഡില്‍ നിന്നും വിജയിച്ച മുഹമ്മദ് ഹാരിസും ചെന്നിക്കര വാര്‍ഡില്‍ നിന്നും വിജയിച്ച സി പി എം അംഗവും അടുക്കത്ത്ബയലില്‍ നിന്നും വിജയിച്ച ഹനീഫയും തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു.

മുസ്ലീം ലീഗ് മുന്‍സിപ്പാലിറ്റി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എല്‍ എ മഹമൂദ് ഹാജിയാണ് ബീഫാത്വിമയുടെ പേര് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പാര്‍ലിമെന്ററി പാര്‍ട്ടി ഉപനേതാവ് കെ എം അബു റഹ്മാന്‍ പിന്താങ്ങി. വരണാധികാരിയായ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ നീലാബരനാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.