റോഡ്‌യാത്ര സുരക്ഷിതമാക്കാൻ ‘രക്ഷാസേഫ്‌ഡ്രൈവ്’

single-img
17 November 2015

national-highway-in-keralaഇലക്ട്രോണിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ടെലികമ്മ്യൂണിക്കേഷന്‍, ക്ലൗഡ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കേരള സ്റ്റാര്‍ട്ടപ് മിഷനിലെ എല്‍സിസ് ഇന്റലിജന്റ് ഡിവൈസസ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച ‘രക്ഷാസേഫ്‌ഡ്രൈവ്’ എന്ന കാറില്‍ ഉപയോഗിക്കാവുന്ന റോഡ്‌സുരക്ഷാ ഉപകരണം  അപകടഘട്ടങ്ങളില്‍ ആംബുലന്‍സ്, ആശുപത്രി, പോലീസ്, ഇന്‍ഷ്വറന്‍സ് സേവനദാതാക്കള്‍ തുടങ്ങിയവരുമായി ബന്ധപ്പെടാന്‍ സഹായിക്കുന്നു. കുടുംബാഗംങ്ങളെയോ സുഹൃത്തുക്കളെയോ വിവരമറിയിക്കാനും രക്ഷാസേഫ്‌ഡ്രൈവിലെ പാനിക് ബട്ടണ്‍ സഹായിക്കും.

കഴിഞ്ഞ രണ്ടുവര്‍ഷത്തെ ശ്രമഫലമായി പൂര്‍ണമായും ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത ഉപകരണമാണ് രക്ഷാസേഫ്‌ഡ്രൈവ് എന്ന് എല്‍സിസ് സ്ഥാപകരിലൊരാളായ പ്രസാദ് പിള്ള പറഞ്ഞു. താരതമ്യേന കുറഞ്ഞ വിലയില്‍ നിര്‍മ്മിക്കാവുന്ന ഈ ഉപകരണം ഇന്ത്യയിലെ എല്ലാ കാറുകളിലും ഉപയോഗിക്കാം. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഒരു പ്രശ്‌നത്തിനുള്ള ഉത്തരമായ രക്ഷാസേഫ്‌ഡ്രൈവ് യഥാര്‍ത്ഥ മേക്ക്-ഇന്‍-ഇന്ത്യ സംരംഭമാണെന്നും പ്രസാദ് പറഞ്ഞു. അപകടമറിയിച്ച് അടിയന്തരസേവനങ്ങള്‍ ലഭ്യമാക്കാന്‍ നിലവില്‍ സംഘടിത സംവിധാനങ്ങളില്ല. പലപ്പോഴും റോഡരികിലെ കാഴ്ചക്കാരുടെ ഇടപെടലിലാണ് അപകടമറിയുന്നത്. അതിനും ഇതോടെ പരിഹാരമാകുമെന്ന് പ്രസാദ് പറഞ്ഞു.

കാറിനെ ഇന്റര്‍നെറ്റുമായി ഘടിപ്പിക്കുന്ന സേഫ്‌ഡ്രൈവ്, അടിയന്തര സേവനങ്ങളുടെ നെറ്റ് വര്‍ക്കായ രക്ഷാ നെറ്റ് എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് ഈ ഉപകരണത്തിനുള്ളത്. സേഫ് ഡ്രൈവിലെ അപകടം തിരിച്ചറിയുന്നതിനുള്ള സംവിധാനം വലിയ അപകടങ്ങള്‍ വരുമ്പോള്‍ കമാന്‍ഡ് സെന്ററിലേക്ക് അറിയിപ്പു നല്‍കുന്നു. കമാന്‍ഡ് സെന്ററില്‍ നിന്നാണ് സമീപപ്രദേശത്തെ അടിയന്തര സേവനങ്ങളിലേക്ക് അറിയിപ്പു നല്‍കുന്നത്. ജിപിഎസ് ട്രാക്കിംഗ്, റിപ്പോര്‍ട്ടിംഗ് ടെലിമെട്രിക്‌സ് തുടങ്ങിയ സംവിധാനങ്ങള്‍ക്കൊപ്പം ഡ്രൈവിംഗ് ശീലങ്ങള്‍ അപകടരഹിതമാക്കാനും സേഫ്‌ഡ്രൈവ് സഹായിക്കും.

സാധാരണജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമുകള്‍ സഹായകമാണെന്ന് എല്‍സിസ് സഹ സ്ഥാപകനായ ജയന്ത് ജഗദീഷ് പറഞ്ഞു. മികച്ച റോഡ് സുരക്ഷയൊരുക്കുന്ന കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും എല്ലാ തലത്തിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതിനും രക്ഷാസേഫ്‌ഡ്രൈവ് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജയന്ത് പറഞ്ഞു.

യുണൈറ്റഡ് നേഷന്‍സിന്റെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പ്രമേയത്തിലും കേന്ദ്രസര്‍ക്കാരിന്റെ 2014 ലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്ലിലും രക്ഷാസേഫ്‌ഡ്രൈവ് ഉള്‍പ്പെട്ടുണ്ട്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സീഡ് ഫണ്ടിംഗോടുകൂടിയാണ് എല്‍സിസ് പ്രവര്‍ത്തിക്കുന്നത്.ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോം ‘കിക്ക്‌സ്റ്റാര്‍ട്ടറില്‍’  രണ്ടാഴ്ചകൊണ്ട് 5048 യു എസ് ഡോളര്‍ നിക്ഷേപമാണ് രക്ഷാ സേഫ് ഡ്രൈവ് നേടിയത്.

ഒക്ടോബര്‍ 23 നാണ് കിക്ക്‌സ്റ്റാര്‍ട്ടറില്‍ രക്ഷാസേഫ്‌ഡ്രൈവ് പ്രചാരണം ആരംഭിച്ചത്. ഡിസംബര്‍ ഏഴിന് പ്രചാരണം അവസാനിക്കുന്നതിനുള്ളില്‍ ഇന്ത്യയിലെ ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ പിന്തുണ നേടുകയാണ് ലക്ഷ്യം. ഡിസംബര്‍ ഏഴുവരെ കിക്ക്‌സ്‌റ്‌റാര്‍ട്ടറില്‍ നീളുന്ന  15,000 ഡോളര്‍ ലക്ഷ്യമിട്ടുള്ള ക്രൗഡ് ഫണ്ടിംഗ് പ്രചാരണം. പ്രധാനമായും ലക്ഷ്യമിടുന്നത് ഇന്ത്യക്കാരായ നിക്ഷേപകരെയാണ്.