മോഷണശ്രമത്തിനിടയില്‍ നാട്ടുകാര്‍ ഓടിച്ചു; അടുത്തപുരയിടത്തില്‍ ഒളിച്ചുകിടക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ പ്രതിയെ കൂര്‍ക്കം വലിക്കുന്ന ശബ്ദം കേട്ട് പോലീസും നാട്ടുകാരും ചേര്‍ന്ന് പിടിച്ചു

single-img
16 November 2015

Kailsan

മോഷണശ്രമത്തിനിടയില്‍ നാട്ടുകാര്‍ ഓടിച്ചു; അടുത്തപുരയിടത്തില്‍ ഒളിച്ചുകിടക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ പ്രതിയെ കൂര്‍ക്കം വലിക്കുന്ന ശബ്ദം കേട്ട് പോലീസും നാട്ടുകാരും ചേര്‍ന്ന് പിടിച്ചു. വീടിന്റെ വാതില്‍ തകര്‍ത്തു മോഷണം നടത്താന്‍ ശ്രമിച്ച എറണാകുളം എടവനക്കാട് ചാത്തന്‍തറ കൈലാസന്‍ (52) ആണ് രസകരമായ രീതിയില്‍ പോലീസിനു പിടികൊടുത്തത്.

മോഷണത്തിനായി വീടിന്റെ വാതില്‍ തകര്‍ക്കുന്നതിനിടയില്‍ നാട്ടുകാര്‍ കണ്ട കൈലാസന്‍ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരില്‍ നിന്നും രക്ഷപ്പെടാന്‍ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഒളിച്ച കൈലാസന്‍ അവിടെ കിടന്ന് ഉറങ്ങിപ്പോയി. നാട്ടുകാരും പൊലീസും കള്ളനെത്തേടി തിരച്ചില്‍ തുടരുന്നതിനിടയില്‍ പുരയിടത്തില്‍നിന്നു കൂര്‍ക്കംവലിക്കുന്ന ശബ്ദം കേള്‍ക്കുകയും ഉറങ്ങിക്കിടന്ന പ്രതിയെ പിടികൂടുകയുമായിരുന്നു.

വൈക്കം തെക്കേനടയില്‍ ശനിയാഴ്ച രാത്രി സായിമന്ദിരത്തിനു സമീപം മഹാദേവക്ഷേത്രത്തിലെ കീഴ്ശാന്തി പാറോളി കൃഷ്ണന്‍ നമ്പൂതിരിയുടെ വാടകവീടിന്റെ വാതിലാണ് പ്രതി കമ്പിപ്പാരയിട്ട് കുത്തിത്തുറക്കാന്‍ ശ്രമിച്ചത്. ഈ സമയം മറ്റൊരു ശാന്തിക്കാരനായ ആഴാട് നാരായണന്‍ നമ്പൂതിരി ിതുകണ്ട് ബഹളം വെക്കുകയായിരുന്നു. ഇതോടെ മോഷ്ടാവ് കമ്പിപ്പാരയുമായി നമ്പൂതിരിക്കു നേരെ തിരിഞ്ഞു. ഭയന്നുപോയ നാരായണന്‍ നമ്പൂതിരി ഓടി അടുത്തവീട്ടില്‍ എത്തി അവിടെ നിന്നും പോലീസിനെ വിവരം അറിയിച്ചു.

പോലീസ് ഉടന്‍തന്നെ സ്ഥലത്തെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്നു നാട്ടുകാരും പൊലീസും ചേര്‍ന്നു മൂന്നു ജീപ്പുകളിലായി തിരച്ചില്‍ ആരംഭിച്ചുവെങ്കിലും മോഷ്ടാവിനെ കാണാതെ നിരാശരായി മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് പുലര്‍ച്ചയോടെ കിഴക്കേനടയിലെ ആആളൊളിഞ്ഞ പുരയിടത്തിലെ മതില്‍ക്കെട്ടിനുള്ളില്‍നിന്നു കൂര്‍ക്കംവലി കേട്ടത്. ശബ്ദം കേട്ട് പരിശോധന നടത്തിയ നടത്തിയ പോലീസ് കൈലാസനെ ശരീരമാകമാനം കരിയിലകളും പച്ചിലകളും കൊണ്ടു മൂടി സുഖമായുറങ്ങുന്ന രീതിയില്‍ കാണുകയായിരുന്നു.