തെരഞ്ഞെടുപ്പില്‍ വിജയിച്ചു, പക്ഷേ വിജയാഹ്ലാദം നടത്തി പണം കളഞ്ഞില്ല; ആ പണം തന്റെ പ്രദേശത്തെ നിര്‍ദ്ധനയായ പെണ്‍കുട്ടിയുടെ വിവാഹാവശ്യത്തിനു നല്‍കിയാണ് മന്‍സൂര്‍ ഒരു ജനപ്രതിനിധിയുടെ കടമ നിറവേറ്റിയത്

single-img
16 November 2015

Mansoor

ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ നാടെങ്ങും തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ വേങ്ങര പഞ്ചായത്ത് 12ാം വാര്‍ഡ് മെമ്പര്‍ കാങ്കടക്കടവന്‍ മന്‍സൂര്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തനാകുകയാണ്. തന്റെ തെരഞ്ഞെടുപ്പു വിജായാഹ്ലാദത്തിനായി നീക്കി വെച്ച പണം കൊണ്ട് തന്റെ പ്രദേശത്തെ ഒരു കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിക്കൊടുത്തിരിക്കുകയാണ് ഈ യുവ ജനപ്രതിനിധി.

നാട്ടിലെ ഒരു നിര്‍ധന യുവതിയുടെ വിവാഹാവശ്യത്തിന് വേണ്ടിയാണ് വിജയാഘോഷത്തിന് വേണ്ടി സ്വരൂപിച്ച മുപ്പതിനായിരം രൂപ മന്‍സൂര്‍ നല്‍കിയത്. വേങ്ങര പഞ്ചായത്ത് മുസ്്‌ലിം യൂത്ത് ലീഗ് സെക്രട്ടറിയും വേങ്ങര സഹകരണ ബാങ്ക് ഡയറ്കടര്‍ ബോര്‍ഡ് അംഗവുമായ മന്‍സൂര്‍ ഇരുന്നൂറ്റി മുപ്പത്തി രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

പെണ്‍കുട്ടിയുടെ വിവാഹത്തിന് പണം നല്‍കി സഹായിക്കുന്ന കാര്യം വാര്‍ഡ് തലത്തില്‍ രൂപീകരിച്ച ഇലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് മന്‍സൂര്‍ പറഞ്ഞത്. ധനസഹായം നല്‍കിയ ചടങ്ങില്‍ പഞ്ചായത്ത് ലീഗ് സെക്രട്ടറി സെക്രട്ടറി ടി.വി ഇഖ്ബാല്‍, മുസ്തഫ മങ്കട തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.