ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് ഇരിക്കണമെന്ന് നിര്‍ബന്ധമുളളവര്‍ തറവാട്ട് സ്വത്ത് വിറ്റ് സ്ഥാപനങ്ങളുണ്ടാക്കണമെന്ന് കെ.എം. ഷാജി എംഎല്‍എ

single-img
14 November 2015

K M Shaji

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന് ഇരിക്കണമെന്ന് നിര്‍ബന്ധമുളളവര്‍ തറവാട്ട് സ്വത്ത് വിറ്റ് സ്ഥാപനങ്ങളുണ്ടാക്കണമെന്ന് കെ.എം. ഷാജി എംഎല്‍എ. ലിംഗവിവേചനം എന്ന ബാലിശ ആരോപണമുയര്‍ത്തി ഫാറൂഖ് കോളെജിനെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നത് വര്‍ഗീയതയുടെ മുഖം മൂടിയണിഞ്ഞ ഭീകരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.

ചുംബനസമരക്കാര്‍ മറ്റെങ്ങുമില്ലാത്ത സ്വാതന്ത്ര്യം ഫാറൂഖില്‍ നിന്നും കിട്ടണമെന്ന വ്യാമോഹവുമായി സമരം തുടരുകയാണെങ്കില്‍ പൊലീസിനു പകരം അവരെ നേരിടുന്നത് ഒരു തലമുറയുടെ പോരാട്ട വീര്യമായിരിക്കുമെന്നും ഷാജി പറഞ്ഞു. ഫാറൂഖ് റൗളത്തുല്‍ ഉലൂം അറബിക് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.എം.ഷാജി.

ന്യൂനപക്ഷങ്ങളുടെ പുരോഗതി ലക്ഷ്യമാക്കുന്ന സ്ഥാപനങ്ങളില്‍ സദാചാര വിവാദം ഉണ്ടാക്കുകയല്ലാ വേണ്ടതെന്നും ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഒന്നിച്ചിരുന്നാലെ വിദ്യാഭ്യാസം പൂര്‍ണമാകു എന്നു വാദിക്കുന്നവര്‍ അത്തരത്തിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കി കാണിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജെഎന്‍യു അടക്കമുളള സര്‍വകലാശാലകളില്‍ പോലും വിദ്യാര്‍ഥികള്‍ മതിയായ അകലങ്ങളിലാണ് ഇരിക്കുന്നത്. മറ്റു കോളെജുകളെല്ലാം ഒഴിവാക്കി ഫാറൂഖിലെത്തി മനുഷ്യാവകാശ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവരുടെ മനസിലെ വിഷം മനസിലാക്കാന്‍ സര്‍ട്ടിഫിക്കറ്റോ, ബിരുദമോ വേണ്ടെന്നും കോമണ്‍സെന്‍സ് മാത്രം മതിയെന്നും കെ.എം. ഷാജി പറഞ്ഞു.