ഐസിസിന്റെ കശാപ്പുകാരന്‍; മുഹമ്മദ് എംവാസി എന്ന ജിഹാദി ജോണ്‍

single-img
14 November 2015

അന്താരാഷ്ട്ര തലത്തില്‍ പ്രത്യേകിച്ചും പാശ്ചാത്യ നാടുകളിലെ കഴിഞ്ഞ കുറേ മാസങ്ങളായി വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞു നിന്നിരുന്ന ആളാണ് ‘ജിഹാദി ജോണ്‍’. ഭീകര സംഘടനയായ ഐസിസ് ബന്ധികളെ കശാപ്പ് ചെയ്യുകയെന്ന പ്രത്യേക ദൗത്യം ഏല്‍പിക്കപ്പെട്ടയാളായിരുന്നു ഇയാള്‍. കറുത്ത മുഖംമൂടി ധരിച്ച്, നിരത്തിനിര്‍ത്തിയ ബന്ധികളെ ക്യാമറയ്ക്കുമുന്നില്‍ ഒട്ടും കൈയറയ്ക്കാതെ കഴുത്തറുത്ത് കൊന്നുതള്ളിയ കൊടുംഭീകരനായാണ് ജിഹാദി ജോണ്‍ ലോകത്തിന് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം സിറിയയില്‍ യു.എസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഇയാല്‍ കൊല്ലപെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സിറിയയില്‍ ക്രിസ്ത്യാനികളെ കഴുത്തറുത്ത് കൊന്ന് അത് ചിത്രീകരിച്ച് ലോകമനഃസാക്ഷിയെ ഞെട്ടിച്ച ജിഹാദി ജോണ്‍ ബ്രിട്ടീഷ് പൗരത്വമുള്ള മുഹമ്മദ് ഇംവാസിയാണെന്ന് തെളിഞ്ഞിരുന്നു. കുവൈത്തില്‍ ജനിച്ച് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് ഇയാള്‍. പിന്നീട് സിറിയയിലേക്ക് ഒളിച്ചുകടന്ന എംവാസി ഐഎസില്‍ ചേരുകയായിരുന്നു. എംവാസിയെക്കുറിച്ച് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല.
1988ല്‍ കുവൈത്തിലാണ് മുഹമ്മദ് എംവാസി ജനിക്കുന്നത്. 1994ല്‍ എംവാസിയുടെ കുടുംബം യു.കെയിലേക്ക് കുടിയേറി. 2009ല്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ്ദം നേടിയതിന് ശേഷം എംവാസി സോമാലിയയിലെ തീവ്രവാദി യുവാക്കള്‍ക്കൊപ്പം ചേരാന്‍ താല്‍പര്യപ്പെട്ടിരുന്നുവെന്നും ഈയൊരു ലക്ഷ്യത്തോടെ തന്‍സാനിയയിലേക്ക് യാത്ര ചെയ്തുവെന്നും ചില മാധ്യമങ്ങള്‍ എഴുതി. ബ്രിട്ടീഷ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന എംവാസി അവരുടെ കണ്ണ് വെട്ടിച്ച് സിറിയയില്‍ പോയി ഐസിസിനോടൊപ്പം ചേരാന്‍ സാധിച്ചുവെന്നും സ്ഫുടമായ ഇംഗ്ലീഷ് സംസാര ശേഷി കശാപ്പുകാരന്റെ സ്ഥാനം ഇയാള്‍ക്ക് നല്‍കിയെന്നും മറ്റൊരു റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഐഎസ്സിലെ മനഃശാസ്ത്ര വിദഗ്ധര്‍ മുഹമ്മദ് എംവാസിയുടെ നിര്‍വികാരമായ മാനസികാവസ്ഥ തിരിച്ചറിഞ്ഞ് അരുംകൊലകള്‍ക്കായി ഇയാളെ തെരഞ്ഞെടുത്തതെന്നും സൂചനയുണ്ട്.

ഐഎസിന്റെ തലവെട്ടല്‍ വീഡിയോകളിലൂടെയാണ് ബ്രിട്ടീഷ് പൗരനായ മുഹമ്മദ് എംവാസിയെ പുറംലോകമറിയുന്നത്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരായ സ്റ്റീവന്‍ സോട്ട്‌ലോഫിനെയും ജയിംസ് ഫോളിയെയും കൊന്നായിരുന്നു ഇയാളുടെ രംഗപ്രവേശം. അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന്‍ കാസിം, ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകരായ ഡേവിഡ് ഹേന്‍സ്, അലന്‍ ഹെന്നിംഗ്, ജാപ്പനീസ് മാധ്യമപ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോ തുടങ്ങിയവരെയും കൊലചെയ്തത് എംവാസിയാണെന്ന് വിശ്വസിക്കപ്പെടുന്നു.
എംവാസി മരിച്ചെന്ന വാര്‍ത്തയെക്കുറിച്ച് ഇപ്പോഴും വ്യക്തമായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായ റാക്കയില്‍ എംവാസി സഞ്ചരിച്ച വാഹനം ബോംബിട്ട് തകര്‍ത്തതായി സൈനികോദ്യോഗസ്ഥരിലൊരാള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.