കോര്‍പ്പറേഷന്‍ വിതരണം ചെയ്ത മലിന ജലം കുടിച്ചതിനെ തുടര്‍ന്ന് ഒന്നരവയസ്സുള്ള കുട്ടി മരിച്ചു

single-img
14 November 2015

pod0306

മുംബൈ കോര്‍പ്പറേഷന്‍ വിതരണം ചെയ്ത മലിന ജലം കുടിച്ചതിനെ തുടര്‍ന്ന് ഒന്നരവയസ്സുള്ള കുട്ടി മരിച്ചു. സ്വകാര്യകമ്പനി ജീവനക്കാരായ ഹരീഷിന്റെ മകന്‍ വേദാന്ത് ജെത്വയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ബൃഹാണ്‍ മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരെ അനാസ്ഥയ്ക്കും അവഗണനയ്ക്കും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കുട്ടിയുടെ കുടുംബം താമസിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാതാവിനും ഹൗസിംഗ് സൊസൈറ്റിയുടെ മാനേജര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വെള്ളം കുടിച്ചയുടനെ കുട്ടി തുടര്‍ച്ചയായി ഛര്‍ദ്ദിച്ചെന്ന് വീട്ടുകാരും അയല്‍വാസികളും പറയുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പേ കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കോര്‍പ്പറേഷനില്‍ നിന്നും കഴിഞ്ഞമാസം അവസാനം മുതല്‍ മലിനജലമാണ് ലഭിക്കുന്നതെന്ന് ജനങ്ങള്‍ പറയുന്നു. ആവര്‍ത്തിച്ച് പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. കുട്ടിയുടെ മരണവാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് ജനം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.