പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യചെയ്ത വിദ്യാര്‍ത്ഥി പുനര്‍ മൂല്യനിര്‍ണയത്തില്‍ ഒന്നാം സ്ഥാനക്കാരനായി

single-img
14 November 2015

hand

പരീക്ഷയില്‍ തന്റെ പ്രിയപ്പെട്ട വിഷയത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിയുടെ പേപ്പര്‍ നാലുമാസത്തിന് ശേഷം പുര്‍ മൂല്യനിര്‍ണ്ണയം നടത്തിയപ്പോള്‍ വിദ്യാര്‍ത്ഥിക്ക് ക്ലാസിലെതന്നെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്. ജമ്മു കാശ്മീരിലെ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ത്ഥി മുഹമ്മദ് അദ്‌നാന്‍ ഹിലാലാണ് അധികൃതരുടെ അനാസ്ഥകൊണ്ട് മാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തത്.

ഇഷ്ടപ്പെട്ട വിഷയമായ ഫിസിക്‌സില്‍ ആദ്യ സെമസ്റ്ററില്‍ ഹിലാല്‍ തോറ്റതായി കോളജ് അധികൃതര്‍ വിലയിരുത്തി. പ്രീയപ്പെട്ട വിഷയത്തില്‍ തോറ്റ സങ്കടത്തില്‍ ഹിലാല്‍ പിന്നീട് ആത്മഹത്യ ചെയ്തു. എന്നാല്‍ പുനര്‍ മൂല്യനിര്‍ണയത്തില്‍ ഉത്തരപ്പേപ്പര്‍ നോക്കിയതില്‍ അപാകത സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 70 ശതമാനം മാര്‍ക്ക് ഹിലാല്‍ സ്വന്തമാക്കിയതായും ക്ലാസില്‍തന്നെ ഒന്നാം സ്ഥാനക്കാരനാണ് വിദ്യാര്‍ത്ഥിയെന്നും തെളിഞ്ഞു. ഫിസിക്‌സിലെ മാസ്റ്ററെന്നാണ് കൂട്ടുകാര്‍ക്കിടയില്‍ ഹിലാല്‍ അറിയപ്പെട്ടിരുന്നതെങ്കിലും ഫലം വന്നപ്പോള്‍ വിജയിക്കാന്‍വേണ്ട കുറഞ്ഞ മാര്‍ക്കായ 100ല്‍ 33മാര്‍ക്കിലും താഴെയാണ് സ്വന്തമാക്കിയിരുന്നത്. തുടര്‍ന്ന് ഝേലം നദിയില്‍ചാടി ആത്മഹത്യ ചെയ്ത ഹിലാലിന്റെ മൃതദേഹം നാലുദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്.

വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ഹിലാന്റെ ബന്ധുക്കളും സുഹൃത്തുക്കളും കോളജ് അധികൃതര്‍ക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്.