കേരളത്തിലെ ഒരെയൊരു ഡ്രൈവ് ഇൻ ബീച്ച്, ഇന്ത്യയിലെ വലുതും; കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ച്

single-img
13 November 2015

00201_186860

സ്വദേശികൾക്ക് സായാഹ്നം സുന്ദരമാക്കാനും വിദേശികൾക്ക് സൺ ബാത്തിനുമുള്ള ഇടമായിട്ടാണ് പൊതുവെ നാം ബീച്ചിനെ കുറിച്ച് കരുതി വയ്ച്ചിരിക്കുന്നത്. എന്നാൽ റോഡിലൂടെ വാഹനം ഓടിക്കുന്നതിനേക്കാൾ ഹരത്തിൽ വലിയ വേഗതയിൽ തിരകളെ ഭേതിച്ചൊരു ഡ്രൈവിന് ബീച്ച് പറ്റില്ലെ. പറ്റുമെന്ന് മാത്രമല്ല അതിന് ഏറ്റവും അനുയോജ്യമായ സ്ഥലം നമ്മുടെ കേരളത്തിൽ തന്നെയുണ്ട് താനും. കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ച്.

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചാണ് മുഴപ്പിലങ്ങാട്. 5.5 കിലോമീറ്ററാണ് ഈ ബീച്ചിന്റെ നീളം. വാഹനം ഓടിക്കാൻ കഴിയുന്ന കേരളത്തിലെ ഒരേയൊരു കടപ്പുറം കൂടിയാണ് മുഴപ്പിലങ്ങാട് ബീച്ച്.

ബീച്ചുകളുടെ നാടായ ഗോവൻ കടപ്പുറങ്ങളിൽ പോലും വാഹനം ഓടിക്കാൻ കഴിയില്ല. റോഡിലൂടെ ചീറിപായുമ്പോൾ (പ്രത്യേകിച്ച് കേരളത്തിൽ) ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളും ഇവിടെ പേടിക്കേണ്ട കാര്യമില്ല. കരുത്തേറിയ ബൈക്കുകളിലും കാറുകളിലും തിരകളെ തോൽപ്പിച്ച് കുതിക്കാം എന്നർത്ഥം. അതിനാൽ ഡ്രൈവിങ്ങും ബൈക്ക് റൈഡിങ്ങും ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് വേറിട്ട ഡ്രൈവിങ് അനുഭവമായിരിക്കും മുഴപ്പിലങ്ങാട് ബീച്ച് നൽകുക.

കണ്ണൂർ-തലശ്ശേരി നാഷണൽ ഹൈവേ റൂട്ടിലാണ് മുഴപ്പിലങ്ങാട് ബീച്ച്. ദിനവും നിരവധി ആളുകളാണ് വാഹനങ്ങളുമായി ഇവിടേക്ക് എത്തുന്നത്. കൂടാതെ എല്ലാ വർഷവും ഏപ്രിലിൽ മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് എന്ന പേരിൽ റേസിംഗ് മത്സരവും ഇവിടെ സംഘടിപ്പാറുണ്ട്. ഇതിൽ പങ്കെടുക്കുന്നതിനായി വിദേശികൾ വരെ എത്തുന്നു.

ബീച്ചിലൂടെ വാഹനങ്ങളോടിച്ച് സാഹസികത കാണിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും മുഴപ്പിലങ്ങാട് ബീച്ച് സന്ദർശിച്ചിരിക്കണം. റൈഡിന് ശേഷം സമീപമുള്ള ഭക്ഷണശാലകളിൽ കാത്തുവെച്ചിരിക്കുന്ന ഒരു ഉഗ്രൻ തലശ്ശേരി ബിരിയണി കൂടി ആകുമ്പോൾ സംഗതി ജോറാകും.