ഇന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മാണി പാലായിലേക്ക് മടങ്ങിയപ്പോള്‍ ബാര്‍ കോഴയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് കെ. ബാബു പരിപാടി ഒഴിവാക്കി

single-img
13 November 2015

km_mani_bccl

കോഴ ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച കെ.എം. മാണി സ്വന്തം മണ്ഡലമായ പാലായിലേക്ക് മടങ്ങി. ഔദ്യോഗിക വസതിയായിരുന്ന പ്രശാന്തില്‍നിന്ന് പടിയിറങ്ങിയ മാണിക്ക് പട്ടം മുതല്‍ പാലാ വരെ പതിനൊന്ന് ഇടങ്ങളില്‍ അണികള്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് നേതാക്കളും മാണിയെ അനുഗമിക്കുന്നുണ്ട്.

കുറച്ചു നാളത്തെ കഷ്ടതകള്‍ക്കുശേഷം ദൈവം കൈപിടിച്ചുയര്‍ത്തുമെന്ന് പറഞ്ഞ മാണി താമസിയാതെ തന്നെ താന്‍ മടങ്ങിവരുമെന്ന് ശക്തമായ സൂചനയും നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് പാലായില്‍വച്ച് മറുപടി പറയാമെന്നും പ്രശാന്തില്‍നിന്ന് പുറപ്പെടുമ്പോള്‍ മാണി പറഞ്ഞു.

അതേസമയം കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി കെ. ബാബു തൃശൂരില്‍ നടക്കുന്ന എക്‌സൈസ് അക്കാദമി പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കില്ല. കോഴക്കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച സംഘടനകളുടെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്‌ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്.