ഇത് മനീഷും ബിന്‍സ് ബാബുവും; ഹൃദയവും ശ്വാസകോശവും പണിമുടക്കിയ കുരുന്നുജീവനെ മരണത്തിനു വിട്ടുകൊടുക്കാതെ മനസ്‌ഥൈര്യം കൈമുതലാക്കി ജീവിതത്തിലേക്ക് വലിച്ചുകയറ്റിയവര്‍

single-img
12 November 2015

IMG-20151111-WA0016

ആംബുലന്‍സ് ഡ്രൈവര്‍ മനീഷും എമര്‍ജെന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ബീന്‍സ് ബാബുവും കഴിഞ്ഞ ദിവസം എഴുതിച്ചേര്‍ത്തത് അവരുടെ തങ്ങളുടെ തൊഴില്‍ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളായിരുന്നു. ആലപ്പുഴമെഡിക്കല്‍ കോളേജില്‍ നിന്നും ഗുരുതരാവസ്ഥയിലായ നവജാതശിശുവിനെ വൈകുന്നേരത്തുള്ള കനത്ത ട്രാഫിക് ബ്ലോക്കുകള്‍ മറികടന്ന് ആംബുലന്‍സ് ഡ്രൈവര്‍ മനീഷും മെഡിക്കല്‍ ടെക്‌നീഷ്യന്‍ ബിന്‍സും തിരുവനന്തപുരം എസ്.എ.റ്റിയില്‍ എത്തിച്ചത് ഒരു മണിക്കൂറും 20 മിനിട്ടും കൊണ്ടാണ്. പുറപ്പെടുമ്പോള്‍ അവര്‍ക്കുപോലും വിജയിക്കുമെന്നുറപ്പില്ലാത്ത ഒരു ദൗത്യം നിറവേറിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് മനീഷും ബിന്‍സും.

ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം രാവിലെ 8 മണിക്കാണ് പുന്നപ്ര സ്വദേശിയായ ജോണിന്റെ ഭാര്യ സുമിമോള്‍ പ്രസവിച്ചത്. ഹൃദയ- ശ്വാസകോശ തകരാറോടെയായിരുന്നു കുട്ടിയുടെ ജനനം. കണ്‍ജെസ്റ്റീവ് കാര്‍ഡിക് ഫെയിലറും ശ്വാസകോശം വഴി ഓക്‌സിജന്‍ എടുക്കുവാനുള്ള ബുദ്ധിമുട്ടും കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കി. കൂട്ടത്തില്‍ കുട്ടിക്ക് പ്രമേഹബാധയുമുണ്ടായിരുന്നു. കൃത്രിമശ്വാസത്തിന്റെ സഹായത്തോടെ ഡോക്ടര്‍മാരുടെ പരിചരണത്തലിലിരുന്ന കുട്ടിയെ വൈകുന്നേരം നാല് മണിയോടെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.റ്റിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.

വൈകുന്നേരത്തെ കനത്ത ട്രാഫിക് മറികടന്ന് എത്രയും വേഗം കുട്ടിയെ തിരുവനന്തപുരത്ത് എത്തിക്കുക എന്ന ദൗത്യമാണ് റാന്നി സ്വദേശിയായ ഡ്രൈവര്‍ മനീഷിനും കൊട്ടാരക്കര സ്വദേശിയായ എമര്‍ജെന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ബിന്‍സ് ബാബുവിന്റേയും മുന്നിലുണ്ടായിരുന്നത്. ഒട്ടും പതറാതെ തശന്ന അവര്‍ ആ ദൗത്യം ഏറ്റെടുത്തു. വൈകുന്നേരം 5.10 ന് കുട്ടിയുമായി 1298 നമ്പര്‍ ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇതിനിടയില്‍ ആശുപത്രി അധികൃതര്‍ പുന്നപ്ര പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചതനുസരിച്ച് ബ്ലോക്ക് ഒഴിവാക്കി ആംബുലന്‍സിനെ കടത്തിവിടാന്‍ പോലീസുമെത്തി.

ഒടുവില്‍ 6.30 ഓടെ ദൗത്യം ശുഭകരമായി അവസാനിപ്പിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.റ്റി ആശുപത്രിയില്‍ അവര്‍ കുഞ്ഞിനെ എത്തിച്ചു. തങ്ങളുടെ ഇതുവരെയുള്ള ജീവിതത്തിലെ അവിസ്മരണീയ നിമിഷമെന്നാണ് മനീഷിനും ബിന്‍സിനും ഇതിനെപ്പറ്റി പറയാനുള്ളത്.