കോണ്‍ഗ്രസ് കാലുവാരി പാര്‍ട്ടിയെ തോല്‍പ്പിച്ചതിനാല്‍ ഇനിയും മുന്നണിയില്‍ തുടരാനാകില്ലെന്ന് ആര്‍.എസ്.പി യുവജനവിഭാഗം

single-img
12 November 2015

02tvpt_ryfmarch_1___671872g

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് വിട്ട് പുറത്തുപോകണമെന്ന ആവശ്യവുമായി ആര്‍.എസ്.പി യുവജനവിഭാഗമായ ആര്‍.വൈ.എഫ് രംഗത്തെത്തി. യു.ഡി.എഫിനോടുള്ള ബന്ധം പാര്‍ട്ടി ഉടന്‍ അവസാനിപ്പിക്കണമെന്ന് ആര്‍.വൈ.എഫ് പറഞ്ഞു.

കോണ്‍ഗ്രസ് കാലുവാരിയതിനാലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോറ്റതെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പരസ്യമായി ആരോപിച്ചു. എല്‍ഡിഎഫിനോട് ആര്‍എസ്പിക്ക് വിരോധമില്ലെന്നും കുഞ്ഞുമോന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ എതിര്‍ത്തും വര്‍ഗീയതയെ ചെറുത്തത് എല്‍ഡിഎഫ് ആണെന്നും പറഞ്ഞ് എന്‍കെ പ്രേമചന്ദ്രന്‍ എം പി ആദ്യ പ്രതികരണം നടത്തിയിരുന്നു.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആര്‍എസ്പി യുഡിഎഫ് വിട്ട് പുറത്തുവരണമെന്ന അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെ പ്രതികരണം കനത്ത പൊട്ടിത്തെറിയാണ് പാര്‍ട്ടിയില്‍ ഉണ്ടാക്കിയിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ആര്‍എസ്പിക്ക് ഉണ്ടായത്. അതിനിടെയാണ് വിമതപശബ്ദവുമായി നേതാക്കള്‍ എത്തിയതും.