കേരള സംസ്ഥാനത്തിലെ ഖജനാവിലേക്ക് ഏറ്റവും കുടുതല്‍ ഏറ്റവും കൂടുതല്‍ വരുമാനം എത്തിച്ച് കൊടുക്കുന്ന, കേരളത്തിന്റെ ഐറ്റി തലസ്ഥാനമെന്ന് അറിയപ്പെടുന്ന കഴക്കൂട്ടം വഴി യാത്ര പോകുന്നവര്‍ ഒരു പാലം കൂടി കൈയില്‍ കരുതുക, മഴക്കാലത്ത് ഒരു തോണിയും

single-img
12 November 2015

f1
കഴക്കൂട്ടം… കേരളത്തിന്റെ ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ വരുമാനം എത്തിച്ച് കൊടുക്കുന്ന സംസ്ഥാനത്തിന്റെ ഐടി തലസ്ഥാനം. വിശേഷണങ്ങള്‍ പലത് ഉണ്ടെങ്കിലും ഏകദേശം ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നേടി കൊടുക്കുന്ന ടെക്ക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്ന കഴക്കൂട്ടത്തിന്റെ ശോഭ കെടുത്തി കളയുന്നത് റോഡുകള്‍ തന്നെയാണ്. അശാസ്ത്രീയ രീതിയിലുള്ള നിര്‍മ്മാണം മുതല്‍ സ്വകാര്യ വ്യക്തികളുടെ കൈയ്യേറ്റം കാരണം പൊട്ടിപ്പോളിഞ്ഞ റോഡിലൂടെയുള്ള ദുരിത പൂര്‍ണ്ണമായ യാത്ര തുടങ്ങുന്നത് കൊട്ടാരക്കര ബൈപ്പാസ് റോഡ് എന്‍ എച്ച് റോഡില്‍ വന്നു ചേരുന്നതു മുതലാണ്.

ടെക്ക് നോപര്‍ക്ക് വരെ നീളൂന്ന 4 കിലോമീറ്റര്‍ യാത്ര സുരക്ഷിതമായി അവസാനിക്കാന്‍ കാരണം യാത്രക്കാരുടെ അസാമന്യ മെയ് വഴക്കവും ഭാഗ്യത്തിന്റെ കടാക്ഷവും കൊണ്ടാണ്.

f2ചെറിയ കുഴികള്‍ മുതല്‍ വലിയ ഗര്‍ത്തങ്ങള്‍ വരെയുണ്ട് റോഡില്‍. ഒരു പരിധിവരെ കരാറുകാരുടെ അനാസ്ഥയാണ് കാരണമെങ്കില്‍ മറ്റൊന്നു സ്വകാര്യ വ്യക്തികളുടെ ഓട കൈയ്യേറിയുള്ള നിര്‍മ്മാണപ്രവര്‍ത്തനമാണ്. ചെയ്യുന്ന റോഡു പണികളില്‍ നിന്ന് പരമാവധി ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന കരാറുകാര്‍ നിരുത്തരവാദപരമായി നിര്‍മ്മിച്ച ഓടയെ സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട് മൂടിയത് കൊണ്ട് വെള്ളം കെട്ടി നിന്നാണ് മിക്കയിടങ്ങളിലും റോഡ് നശിച്ചത്. കഴക്കൂട്ടം പമ്പിന് മുന്നിലുള്ള റോഡാണ് ഏറ്റവും കൂടുതല്‍ തകര്‍ന്നിരിക്കുന്നത്.

f3ഉന്നതങ്ങളുമായി ബന്ധമുള്ള അല്‍സാജ്, ബേക്ക് വേള്‍ഡ് ഹോട്ടലുകള്‍ ഓട നികത്തിയിരിക്കുന്നത് കാരണം വെള്ളക്കെട്ട് കൊണ്ട് റോഡ് മഴക്കാലത്ത് സഞ്ചാര യോഗ്യമല്ലാത്ത നിലയിലായിട്ടുണ്ട്. റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരത്തില്‍ നിന്നും മഴ വെള്ളം നേരെ റോഡില്‍ തന്നെ വീഴുന്നത് കൊണ്ട് സി എസ് ഐ ഹോസ്പിറ്റലിന് മുന്നില്‍ വലിയ കുഴികളായി രൂപാന്തരപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് വെള്ളം നിറഞ്ഞു നില്‍ക്കുന്നത് കാരണം കുഴിയുടെ വലിപ്പം അറിയാന്‍ സാധിക്കാത്തത് ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഇതിനെല്ലാം പുറമെ വെട്ടുറോഡ് ട്രാഫിക്ക് സിഗ്നലിന് മുന്നില്‍ എംസി റോഡ് എന്‍എച്ചിലേക്ക് വന്നു ചേരുന്ന ഭാഗത്തെ കേബിളിന് കുഴിയെടുത്ത കരാറുകാര്‍ പണി കഴിഞ്ഞതിന് ശേഷം റോഡ് പൂര്‍വ്വസ്ഥിതിയിലാക്കാതെ പോയിരുന്നു. ഇപ്പോള്‍ വാഹനങ്ങള്‍ ഈ റോഡ് മുറിച്ച് കടക്കുന്നതിടെ സിഗ്നല്‍ മാറുകയും ബ്ലോക്കില്‍ പെടുന്നത് പതിവായിട്ടുണ്ട്. ഏറ്റവും അപകട സാധ്യത നിറഞ്ഞ  ഭാഗമാണിവിടം.

f4പൊതുമാരമത്ത് വകുപ്പിലെ പ്യൂണ്‍ മുതല്‍ മന്ത്രിവരെ ഇതേ റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്. കണ്ടിട്ടും കാണാതെ പോവുകയാണ് ഇവര്‍. മന്ത്രിമാര്‍ക്ക് പൈലറ്റ് വാഹനം ട്രാഫിക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തി വഴി ഒരുക്കുന്നതിനാല്‍ ഈ കഷ്ടപ്പാട് അവര്‍ അറിയുന്നില്ല. ഓഫീസില്‍ നിശ്ചിത സമയത്തിനുള്ളില്‍ പഞ്ച് ചെയ്യാന്‍ പാടുപെടുന്ന സാധാരണക്കാരുടെ ബുദ്ധിമുട്ട് ആരും കാണുന്നില്ല. സമയാസമയങ്ങളില്‍ റോഡ് ടാക്സ് അടയ്ക്കുന്ന പൊതു ജനത്തിന് അന്താരാഷ്ട്ര നിലവാരമുള്ള റോഡ് ലഭിച്ചില്ലെങ്കിലും കുറ്റമറ്റ കുണ്ടും കുഴിയുമില്ലാത്ത റോഡെങ്കിലും ലഭിക്കേണ്ടത് ന്യായമല്ലേ.

റോഡിന്റെ ശോചനീയാവസ്ഥ കാരണം അപകടത്തില്പ്പെട്ട് പൊലിഞ്ഞു പോകുന്ന ഓരോ ജീവനും അതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ കരാറുകാരെ സ്വകാര്യ വ്യക്തികളെ പ്രതിയാക്കി കൊണ്ട് നിയമനിര്‍മ്മാണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. റോഡില്‍ അടിക്കടി ജോലികള്‍ നടത്തുന്ന ടെലിഫോണ്‍, ജലസേചന എന്നീ വകുപ്പുകള്‍ തങ്ങളുടെ ജോലിക്ക്  ശേഷം റോഡ് പഴയപടി നിലനിര്‍ത്തേണ്ട ചുമതല കൂടി ഏല്‍ക്കേണ്ടതാണ്.

അതു കൊണ്ട്  കഴക്കൂട്ടം വഴി യാത്ര പോകുന്നവര്‍ ഒരു പാലം കൂടി കൈയില്‍ കരുതുക, മഴക്കാലത്ത് ഒരു തോണിയും.