വാട്ടർ മെട്രോ പദ്ധതിയുമായി കെഎംആർഎൽ

single-img
12 November 2015

Kochi Mtero Water

കൊച്ചി:  വാട്ടർ മെട്രോ പദ്ധതിയുമായി കെഎംആർഎൽ. മെട്രോ ട്രെയിൻ എത്താത്ത ദ്വീപുകളിലേക്കുള്ള ബദല്‍ സംവിധാനമാണ് കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് ഒരുക്കുന്നത്. കൊച്ചിയുടെ ജലഗതാഗത മേഖലയുടെ നവീകരണത്തിനു  കെഎംആർഎൽ സമർപ്പിച്ച 819. 27 കോടി രൂപയുടെ  പദ്ധതി  സർക്കാർ അംഗീകരിച്ചിരുന്നു.

സർക്കാർ അംഗീകാരം ലഭിച്ചതോടെ ഇൗ മാസം ഒടുവിൽ ചേരുന്ന ജർമൻ വികസന ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ  വായ്പ അംഗീകരിക്കും. കൊച്ചി നഗരത്തോടു ചേർന്നു കിടക്കുന്ന ദ്വീപുകളിലേക്കുള്ള ഗതാഗതം സുഗമവും സുരക്ഷിതവും ആക്കാനും  പദ്ധതി സഹായിക്കും. സംസ്ഥാന സർക്കാർ വിഹിതമായി 102.30 കോടി രൂപ നൽകും. പദ്ധതിക്കു ജർമൻ വികസന ബാങ്ക്  590 കോടി രൂപ വായ്പ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.   ഇന്ത്യയിൽ ആദ്യമായാണ് ഒരു വൻകിട പദ്ധതിക്കു 80% തുകയും വായ്പയായി ലഭിക്കുന്നത്. ഏറ്റവും ആകർഷകമായ ഉപാധികളോടെ വായ്പ ലഭിച്ച കൊച്ചി മെട്രോ പദ്ധതിക്കു പോലും 24. 32% ആണു ഫ്രഞ്ച് വികസന ഏജൻസി നൽകിയിട്ടുള്ളത്.

76 കിലോമീറ്റർ ദൂരത്തിൽ ജലപാതയുടെ നവീകരണവും ഇതിൽ ലക്ഷ്യമിടുന്നു. രണ്ടു ഘട്ടമായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി അടുത്ത വർഷം പകുതിയോടെ ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷ.  ആദ്യ ഘട്ടത്തിൽ 35,000 യാത്രക്കാരും രണ്ടാം ഘട്ടത്തിൽ ഒരു ലക്ഷം പേരും ഇൗ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമെന്നാണു കരുതുന്നത്.   ഈ പദ്ധതി പൂര്‍ത്തിയാകുന്നതിലൂടെ  റോഡുകളിലെ ഇപ്പോഴത്തെ തിരക്ക് ഇല്ലാതാക്കാനും അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയ്ക്കാനും കഴിയും. ബോട്ടിലും മെട്രോയിലും ബസിലുമെല്ലാം ഒറ്റ ടിക്കറ്റിൽ സഞ്ചരിക്കാവുന്ന സംവിധാനവും ഇതിനൊപ്പം നിലവിൽ വരും.

ഇതോടെ പഴകി ദ്രവിച്ച ബോട്ടുകളിൽ ജീവൻ പണയം വെച്ചുള്ള  യാത്ര അവസാനിപ്പിക്കാം .  പദ്ധതിയില്‍ ഇരട്ടി സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്.  ജിപിഎസ് സംവിധാനമുള്ള ബോട്ടുകൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ കഴിയും. ബോട്ടിന്റെ എൻജിൻ നിയന്ത്രണം ബോട്ടിനുള്ളിൽ തന്നെയാണെങ്കിലും അത് എപ്പോഴും കരയിലെ കൺട്രോൾ റൂമിന്റെ നിരീക്ഷണത്തിലായിരിക്കും. ബോട്ടിലേക്കും ബോട്ടിൽ നിന്നു കരയിലേക്കും വാർത്താവിനിമയത്തിന് ആധുനിക സംവിധാനം ഉണ്ടാവും. ഏത് അപകടത്തിലും മറിയാത്ത ഇരട്ട ചട്ടക്കൂടോടുകൂടിയ ഡിസൈനാണു ഇൗ ബോട്ടുകൾക്ക്. ഏതു മോശം കാലാവസ്ഥയിലും തടസ്സമില്ലാതെ സർവീസ് നടത്താനാവും.

നഗരത്തോടു ചേർന്നു കിടക്കുന്ന ദ്വീപുകളിൽ ഓരോ പ്രധാന ജെട്ടികളും, ജെട്ടികളെ ദ്വീപിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകൾ, അവയിലൂടെ ഓടുന്ന ബാറ്ററി ബസുകൾ, ശീതീകരിച്ച വേഗമുള്ള ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ബോട്ടുകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്ലോട്ടിങ് ജെട്ടികളാണ് ഓരോ ദ്വീപിലും സ്ഥാപിക്കുക. ഇതിനു ചേർന്ന് യാത്രക്കാർക്കുള്ള സൗകര്യങ്ങളും പാർക്കിങ് സ്ഥലവും ഒരുക്കും. പദ്ധതിക്കു വേണ്ടി ഏറ്റെടുക്കുന്ന സ്ഥലം അളന്നുതിരിക്കാനുള്ള സർവേ നടപടി ആരംഭിച്ചു.