വസ്തുകൈയ്യേറ്റത്തിനെതിരെ കേസിനുപോയ ഉടമയ്ക്കും കുടുംബത്തിനും നേരെ ആക്രമണം; പിന്നിൽ പ്രമുഖ ബ്യൂട്ടീഷ്യൻ വിജി ഫെയർ

single-img
11 November 2015

fair-8തിരുവനന്തപുരം: തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിയായ ശശിധരന്റെ വസ്തു കൈയ്യേറ്റം ചെയ്യാൻ പ്രമുഖ ബ്യൂട്ടീഷ്യൻ വിജി ഫെയറിന്റെ ശ്രമം. വസ്തു വിട്ടുകൊടുക്കാൻ തയ്യാറാകാത്ത ശശിധരനേയും കുടുംബത്തേയും വിജിയും കൂട്ടരും  ആക്രമിച്ച് പരിക്കേൽപ്പിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് വിജിയും 20 അംഗ സംഘവും ശശിധരനേയും കുടുംബത്തേയും ആക്രമിച്ചത്. ഉഷാകുമാരിയെ വിജി ചെകിട്ടെത്ത് അടിക്കുകയും മകന്‍ പ്രദോഷിനെ വിജിയുടെ കൂട്ടാളികള്‍ കമ്പിപ്പാരക്ക് അടിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ശശിധരൻ, ഭാര്യ ഉഷാകുമാരി, മകൻ പ്രദോഷ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കണ്ണമ്മൂല അറപ്പുര റോഡിൽ സൺറൈസ് ഗാർഡൻസിൽ ശശിധരന്റെ പേരിലുള്ള 32 സെന്റ് സ്ഥലമാണ് വിജി കൈക്കലാക്കാൻ ശ്രമം നടത്തുന്നത്. ഇതിനോട് ചേർന്നുള്ള 25 സെന്റ് സ്ഥലവും ഇയാൾ നോട്ടമിട്ടിരിക്കുകയാണെന്നും ശശിധരൻ പറയുന്നു. സ്ഥലത്തിന് മുന്നിലായി വിജിയുടെ ഫെയർ ബ്യൂട്ടീപാർലർ പ്രവർത്തിക്കുന്നുണ്ട്.

സ്ഥലം കൈക്കലാക്കുന്നതിനായി നിരവധി തവണ വിജി ശശിധരനേയും മകൻ പ്രദോഷിനേയും സമീപിച്ചിട്ടുണ്ട്. കൂടാതെ വ്യാജരേഖകൾ ഉണ്ടാക്കി വിജി ഈ സ്ഥലത്ത് അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നതായി ശശിധരൻ പറയുന്നു. സ്ഥലം വിട്ടുകിട്ടുന്നതിനായി വിജി പലതവണ ഇവരെ ഭീഷണിപ്പെടുത്തി. ഭീഷണിയിൽ വഴങ്ങാതെ വന്നപ്പോൾ ഒടുവിൽ അക്രമം നടത്തുകയായിരുന്നു.

സംഭവത്തോടനുബന്ധിച്ച് വിജിയ്ക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകിയിട്ടുണ്ട്. വിജി, കൂട്ടാളികളായ അരുൺ കുമാർ, സ്റ്റാലിൻ എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് ക്രൈം എസ്.ഐ ബാബു കേസ് ചാർജ് ചെയ്തിട്ടുണ്ട്. അതേസമയം ശശിധരനും മകൻ പ്രദോഷിനുമെതിരെ വിജി പരാതി നൽകിയിട്ടുള്ളതായും അറിയാൻ കഴിഞ്ഞു. തന്റെ ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് വിജി ഫെയർ. ഇതിനുപുറമെ ആശുപത്രിയിൽ വന്നും വിജി തങ്ങളെ ഭീഷണിപ്പെടുത്തിയതായി ശശിധരനും കുടുംബവും പറയുന്നു.

സിനിമാ രംഗത്തെ വളരെ പ്രമുഖനായ ബ്യൂട്ടിഷ്യനാണ് വിജി ഫെയർ. പ്രശസ്തരായ നിരവധി സിനിമാ താരങ്ങൾ വിജിയുടെ സ്ഥിരം കസ്റ്റമേർസാണ്.