പി.സി. ജോര്‍ജിനെ അയോഗ്യനാക്കാന്‍ ശ്രമിക്കുന്നതിനിടെ കെ എം മാണിക്ക് നഷ്ടപ്പെട്ടത് മന്ത്രിസ്ഥാനം

single-img
11 November 2015

mani-viglanceതിരുവനന്തപുരം: പി.സി. ജോര്‍ജിനെ വീഴ്ത്താനുള്ള ശ്രമത്തിനിടെ മാണി വീണു. കേരളരാഷ്ട്രീയം കണ്ട ഏറ്റവും വലിയ അട്ടിമറിയാണ് കഴിഞ്ഞ ദിവസം നടന്നത്. ജോര്‍ജിനെ അയോഗ്യനാക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് മാണി വീണത്. അതും ജോര്‍ജിന് മുമ്പേ. എം.എല്‍.എ സ്‌ഥാനത്തുനിന്നു രാജി വയ്‌ക്കുകയാണെന്ന്‌ ജോര്‍ജ്‌ ഇന്നലെ പ്രഖ്യാപിച്ചെവങ്കിലും 12നു മാത്രമേ രാജിക്കത്തു നല്‍കുകയുള്ളൂ. കെ.എം. മാണിക്കാകട്ടെ ഇന്നലെതന്നെ രാജിവയ്‌ക്കേണ്ടിയും വന്നു. കടുത്തശത്രുക്കളായിരുന്ന മാണിയും ജോര്‍ജും പിന്നീട്‌ മിത്രങ്ങളായെങ്കിലും ആ രാഷ്‌ട്രീയ ചങ്ങാത്തം അധികനാള്‍ നീണ്ടുനിന്നില്ല. ജോസ്‌ കെ. മാണിയെ കേരളാ കോണ്‍ഗ്രസ്‌ നേതൃത്വത്തിലേക്ക്‌ കൊണ്ടുവാനുള്ള നീക്കമാണ്‌ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം.

ബാര്‍ കോഴ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ജോസ്‌ കെ. മാണിയെ നേതൃത്വത്തിലേക്ക്‌ കൊണ്ടുവരാന്‍ ശ്രമിച്ചത്‌. തുടര്‍ന്ന്‌ ചീഫ്‌ വിപ്പ്‌ സ്‌ഥാനത്തിരുന്നു കൊണ്ടുതന്നെ ജോര്‍ജ്‌  കെ.എം. മാണിയെ പരസ്യമായി വിമര്‍ശിക്കാന്‍ തുടങ്ങി. തുടര്‍ന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം) പാര്‍ലമെന്ററി പാര്‍ട്ടിയുടെ ആവശ്യം അംഗീകരിച്ച്‌ പി.സി. ജോര്‍ജിനെ ചീഫ്‌ വിപ്പ്‌ സ്‌ഥാനത്തുനിന്നു മുഖ്യമന്ത്രി പുറത്താക്കി.   മാണിയാണ്‌ ഇക്കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ സ്വീകരിച്ചത്‌. ഇതിനുശേഷം മാണിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ്‌ ജോര്‍ജ്‌ ഉന്നയിച്ചത്‌. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരേ സ്വന്തമായി സ്‌ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചതോടെ ജോര്‍ജിന്റെ എം.എല്‍.എ സ്‌ഥാനം തെറിപ്പിക്കാന്‍  മാണി നീക്കം ആരംഭിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് ജോര്‍ജ്ജിന് തിരിച്ചടിയവുകയായിരുന്നു.

തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നു മത്സരിച്ചശേഷം പാര്‍ട്ടി തീരുമാനങ്ങള്‍ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചു കൂറുമാറ്റ നിരോധനനിയമം അനുസരിച്ച്‌ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ കേരളാ കോണ്‍ഗ്രസ്‌ (എം) സ്‌പീക്കര്‍ക്ക്‌ കത്തുനല്‍കി.  മാണിയുടെ നിര്‍ദേശപ്രകാരം ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടനാണ്‌ സ്‌പീക്കര്‍ക്കു പരാതി നല്‍കിയത്‌. ഇതില്‍ സ്‌പീക്കര്‍ തെളിവെടുപ്പു തുടങ്ങി. ജോര്‍ജിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ്‌  യു.ഡി.എഫ്‌ നേതാക്കള്‍ ഉന്നയിച്ചത്‌.

ഇതില്‍ അന്വേഷണം പൂര്‍ത്തിയാകുകയും 13ന്‌ അന്തിമതീരുമാനം എടുക്കാന്‍ സ്‌പീക്കര്‍ തീരുമാനിക്കുകയും ചെയ്‌തു. കൂറുമാറ്റ നിയമപ്രകാരം പുറത്താക്കുമെന്നു സൂചന ലഭിച്ചതോടെ ജോര്‍ജ്‌ എം.എല്‍.എ സ്‌ഥാനത്തുനിന്നു രാജി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ താന്‍ രാജി വെയ്ക്കുന്നെങ്കില്‍ ഒറ്റക്കായിരിക്കില്ലെന്ന് ജോര്‍ജ്ജ് നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് വന്ന് ഹൈക്കോടതി പരാമര്‍ശത്തെ ശേഷം  മാണി പ്രതിസന്ധിയിലാവുകയും ചെയ്തു. അതിന്റെ തൊട്ടടുത്ത ദിവസം തന്നെ രാജി പ്രഖ്യാപനത്തിനായി പി.സി. ജോര്‍ജ്‌ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ രാവിലെ പി.സി.ജോര്‍ജ്‌ രാജി പ്രഖ്യാപനം നടത്തിയെങ്കിലും 12ന്‌ മാത്രമേ രാജിക്കത്ത്‌ സ്‌പീക്കര്‍ക്ക്‌ നല്‍കുകയുള്ളൂ.  ഇതിനിടെ മാണി രാജിവെയ്ക്കുകയും ചെയ്തു.