കൊല്ലം ജില്ലാ ആശു​പത്രിയിലെ ആര്‍.എം.ഒയുടെ കൈ പിടിച്ചൊടിച്ചു; എട്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

single-img
11 November 2015

rmoകൊല്ലം ജില്ലാ ആശു​പത്രിയില്‍ ആര്‍.എം.ഒയുടെ കൈ പിടിച്ചൊടിച്ചു. അപകടത്തില്‍ പരിക്കേറ്റയാളുമായെത്തിയ സംഘമാണ് അക്രമം നടത്തിയത്. പരിക്കേറ്റ ആര്‍.എം.ഒ ഡോ. എസ്.അനില്‍കുമാറിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ നടന്ന സംഭവത്തില്‍  എന്‍ജിനിയറിങ്-പോളി വിദ്യാര്‍ഥികളുമായ എട്ടുപേരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ, കൊല്ലത്തെ സ്വകാര്യ എന്‍ജിനിയറിങ് കേളേജിലെ വിദ്യാര്‍ഥിയുമായാണ് സംഘം ജില്ലാ ആശു​പത്രിയിലെത്തിയത്.

അപകടത്തില്‍പ്പെട്ട തങ്കശ്ശേരി സ്വദേശി യുവാവിന് ഡ്യൂട്ടി ഡോക്ടര്‍ സി.ടി.സ്‌കാന്‍ നിര്‍ദ്ദേശിച്ചു. കൈവശം പണമില്ലെന്ന് പറഞ്ഞാണ് ഇവര്‍ ആര്‍.എം.ഒയുടെ മുറിയിലെത്തുന്നത്. ബന്ധുക്കളെ അറിയിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കൂട്ടാക്കിയില്ല. ജില്ലാ പഞ്ചായത്തില്‍നിന്ന് കത്ത് വാങ്ങിക്കൊണ്ടുവന്നാല്‍ സൗജന്യമായി സ്‌കാനിങ് നടത്താമെന്ന് ആര്‍.എം.ഒ പറഞ്ഞിരുന്നു. കൈവശമുള്ള മൊബൈല്‍ ഫോണ്‍ ഈടായി വെച്ച് സ്‌കാനിങ് നടത്തണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും അത് പറ്റില്ലെന്ന്‍ ഡോക്ടര്‍ പറഞ്ഞു.

തുടര്‍ന്ന് ഫോണുകളുമായി മുറിവിട്ടിറങ്ങിയ സംഘം തിരികെ മുറിയില്‍ക്കയറി ആര്‍.എം.ഒയെ അസഭ്യം പറയുകയും  മുറിയില്‍വച്ചുതന്നെ  ഡോക്ടറുടെ കൈ തിരിച്ചൊടിക്കുകയുമായിരുന്നു. കൈവിരലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഉടന്‍തന്നെ ആര്‍.എം.ഒയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞത്തെിയ ഈസ്റ്റ് പോലീസ് വിദ്യാര്‍ഥികളെ ആശു​പത്രിയില്‍നിന്ന് കസ്റ്റഡിയിലെടുത്തു.