അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള കടന്നുകയറ്റങ്ങളേയും ആക്രമണങ്ങളേയും പ്രതിരോധിക്കാന്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ യുവാക്കള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ സൈന്യം ആയുധപരിശീലനം നല്‍കുന്നു

single-img
8 November 2015

naxal-training

വിവിധ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ യുവാക്കള്‍ക്ക് ആയോധനകലകളില്‍ പരിശീലനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നു. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ചൈന എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ ഗ്രാമങ്ങളിലെ യുവാക്കള്‍ക്കാണ് സൈന്യത്തിന്റെ നേതൃത്വത്തില്‍ ആയോധനകലകളില്‍ പ്രത്യേക പരിശീലനം നല്‍കുന്നത്. അതിര്‍ത്തികളില്‍ കടന്നുകയറ്റമുണ്ടാകുന്ന സാഹചര്യം വന്നാല്‍ സൈന്യം എത്താതെ തന്നെ ആദ്യഘട്ട പ്രതിരോധ നീക്കങ്ങള്‍ക്ക് യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

വിവിധ അതിര്‍ത്തി പ്രദേശങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന സൈനിക, അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്‍, ബംഗ്ലദേശ് അതിര്‍ത്തികളില്‍ സേവനം അനുഷ്ഠിക്കുന്ന അതിര്‍ത്തി രക്ഷാ സേന, നേപ്പാള്‍-ഭൂട്ടാന്‍ അതിര്‍ത്തികളിലെ സശാസ്ത്ര സീമാ ബാല്‍, ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സ് എന്നിവര്‍ക്കാണ് ഓരോ പ്രദേശങ്ങളുടെയും ചുമതല നല്‍കിയിരിക്കുന്നത്.

അതിര്‍ത്തി പ്രദേശങ്ങളിലെ യുവാക്കള്‍ക്കിടയില്‍ ആയോധനകലകള്‍ക്ക് വേരോട്ടമുണ്ടാക്കുക, ഷൂട്ടിങ്, അമ്പെയ്ത്ത്, ബോക്‌സിങ് തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് പരിശീലനം നല്‍കുക എന്നിങ്ങനെയാണ് ഇവരുടെ ചുമതല. ഇന്ത്യയില്‍ സൈനിക പരിശീലനം നിര്‍ബന്ധമുള്ള കാര്യമല്ലെങ്കിലും ചൈന, സിംഗപ്പൂര്‍, ഇസ്രയേല്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നുണ്ട്.