വെള്ളിത്തിരയില്‍ നിന്നും തെരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് എത്തിയവരെ കാത്തിരുന്നത് ദയനീയ പരാജയങ്ങള്‍

single-img
8 November 2015

Veena  photos _1_

വെള്ളിത്തിരയിലെ മുഖങ്ങള്‍ അവിടെ നിന്നാല്‍ മതി, ഞങ്ങളെ ഭരിക്കാന്‍ വരേണ്ട എന്ന നിലപാടുള്ളവരാണ് മലയാളികള്‍. അതുകൊണ്ടുതന്നെയാണ് താരരാഷ്ട്രീയം കേരളത്തില്‍ വിലപ്പോവാത്തതും. ഈ തെരഞ്ഞെടുപ്പ് ഫലങ്ങളും പറയുന്നത് മറ്റൊന്നല്ല.

മാനത്തെ കൊട്ടരമെന്ന സുരേഷ്‌ഗോപി ചിത്രത്തിലൂടെ ജനഹൃദയങ്ങളില്‍ പ്രിയങ്കരിയായി മാറിയ സോണിയ ജോസ് കൊച്ചി കോര്‍പ്പറേഷനില്‍ നോര്‍ത്ത് വാര്‍ഡില്‍നിന്ന് ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ദയനീയമായി തോല്‍ക്കാനായിരുന്നു വിധി. 33 വോട്ടു നേടിയ സോണിയയ്ക്ക് അവസാന സ്ഥാനമാണ് ഈ തെരഞ്ഞെടുപ്പ് നല്‍കിയത്.

ടി.വി. അവതാരകയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ വീണ എസ്. നായരെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ കാത്തിരുന്നതും തോല്‍വിയായിരുന്നു. എല്‍.ഡി.എഫിലെ ബിന്ദു ശ്രീകുമാറിനോടാണ് വീണ തോറ്റത്. ഈ വാര്‍ഡില്‍ തന്നെയായിരുന്നു സൂപ്പര്‍താരം സുരേഷ്‌ഗോപിയുടെ വോട്ടും. തന്റെ വോട്ട് ബി.ജെ.പിക്കാണെന്ന് പരസ്യമായി പ്രഖ്യാപിച്ച സുരേഷ്‌ഗോപിയുടെ വോട്ടും പാഴായെന്നര്‍ത്ഥം.

എന്‍.സി.പി. സ്ഥാനാര്‍ഥിയായി എറണാകുളം ജില്ലാപഞ്ചായത്തിലെ കീഴ്മാട് ഡിവിഷനില്‍ മത്സരിച്ച നിര്‍മാതാവും സംവിധായകനുമായ മമ്മി സെഞ്ച്വറിയും കോഴിക്കോട് കോര്‍പ്പറേഷനിലെ അരീക്കാട് വാര്‍ഡില്‍ബി.ജെ.പിക്കു വേണ്ടിയിറങ്ങിയ സംവിധായകന്‍ അലി അക്ബറിനും പരാജയം രുചിക്കേണ്ടിവന്നു.

സിനിമയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരില്‍ ദലീമ മാത്രമാണ് വിജയം നുണഞ്ഞത്. ആലപ്പുഴ ജില്ലയിലെ അരൂര്‍ ഡിവിഷനില്‍നിന്ന് ജില്ലാപഞ്ചായത്തിലേക്ക് എല്‍.ഡി.എഫ്. ലേബലില്‍ മത്സരിച്ച ദലീമ മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു.