പ്രിതിക യാഷിണി തമിഴ്‌നാട് പോലീസില്‍ ഭിന്നലിംഗത്തില്‍പ്പെട്ട ആദ്യ സബ് ഇന്‍സ്‌പെക്ടറായി ചുമതലയേല്‍ക്കും

single-img
6 November 2015

prithika

മദ്രാസ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സേലം സ്വദേശിയായ ഭിന്നലിംഗക്കാരി കെ.പ്രിതിക യാഷിണിയാണ് തമിഴ്‌നാട് പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി ചരിത്രം മാറ്റിയെഴുതശുന്നത്. 2013ല്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറിയ പ്രിതിക നേരത്തേ പ്രദീപ്കുമാര്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രിതിക എന്ന പേര് സ്വീകരിച്ചുവെങ്കിലും വിദ്യാഭ്യാസ സാക്ഷ്യപത്രങ്ങളില്‍ പഴയ പേരുതന്നെ തുടര്‍ന്നതിനാല്‍ പ്രിതികയെ എസ്.ഐ. പരീക്ഷ എഴുതാന്‍ തമിഴ്‌നാട് യൂണിഫോംഡ് സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അനുവദിച്ചിരുന്നില്ല.

ഇതിനെതിരേ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച പ്രിതികയ്ക്ക് അനുകൂലമായി ചീഫ് ജസ്റ്റിസ് എസ്.കെ. കൗളും ജസ്റ്റിസ് പുഷ്പ സത്യനാരായണയുമടങ്ങിയ ഡിവിഷന്‍ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു. പ്രസ്തുത ഉത്തരവ് നടപ്പായാല്‍ തമിഴ്‌നാട് പോലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തുന്ന ആദ്യ ഭിന്നലിംഗ വിഭാഗക്കാരിയായി പ്രിതിക മാറും.

മാത്രമല്ല നിയമനങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുമ്പോള്‍ ഭിന്നലിംഗക്കാരെ മൂന്നാംവിഭാഗമായിക്കണ്ട് പ്രത്യേകമായി ഉള്‍ക്കൊള്ളിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നൂറുമീറ്റര്‍ 17.5 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കണമെന്ന കായികക്ഷമതാ പരിശോധനയില്‍ പ്രിതിക 18.6 സെക്കന്റ് എടുത്തെന്നതാണ് അഭിമുഖത്തിന് ക്ഷണിക്കാതിരുന്നതിന് കാരണമായി ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ ബിരുദാനന്തര ബിരുദമുള്ള പ്രിതിക അഭിമുഖത്തിലും പരീക്ഷയിലും ഉള്‍പ്പെടെ മൊത്തത്തില്‍ കാണിച്ച മികച്ചപ്രകടനം പരിഗണിക്കാനാണ് കോടതി ആവശ്യപ്പെട്ടത്.