തണുപ്പ് സീസണ് ആരംഭം കുറിച്ചുകൊണ്ട് മൂന്നാര്‍ കോടമഞ്ഞ് പുതച്ചു തുടങ്ങി

single-img
6 November 2015

Munnar

തുടര്‍ന്നുവന്ന സമരങ്ങളും മറ്റും നഷ്ടപ്പെടുത്തിയ മൂന്നാറിലെ ടൂറിസം മേഖലയെ വീണ്ടും ഉണര്‍ത്തി കോട മഞ്ഞു കടന്നുവന്നു. മഞ്ഞുകാലമെത്തിയെന്ന അറിയിപ്പോടെ കഴിഞ്ഞ ദിവസം മുതല്‍ മൂന്നാറിലെ പ്രധാനയിടങ്ങളില്‍ കോടമഞ്ഞിറങ്ങിത്തുടങ്ങി. ഹെഡ് വര്‍ക്‌സ് ഡാം, പഴയമൂന്നാര്‍, ടൗണ്‍, പോതമേഡ് തുടങ്ങിയ പ്രദേശങ്ങളെയാണ് മഞ്ഞ്‌കൊണ്ട് മൂടിയത്.

കനത്ത മൂടല്‍മഞ്ഞാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. വാഹന യാത്രക്കാര്‍ക്ക് എതിരേ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത തരത്തിലുള്ള മൂടല്‍ മഞ്ഞ് യാത്രക്കാരെ കുറച്ച് ബുദ്ധിമുട്ടിപ്പിച്ചു. നവംബര്‍ മുതല്‍ ഫെബ്രുവരി മാസം വരെയുള്ള തണുപ്പ് സീസണ് ഇതോടെ തുടക്കമായിരിക്കുകയാണ്.

സാധാരണ മഞ്ഞുകാലം ആരംഭിക്കുന്നതോടെ താപനില മൈനസ് നാല് ഡിഗ്രിവരെ എത്താറുണ്ട്. ഇക്കാലം ആസ്വദിക്കാന്‍ ധാരാളം പേര്‍ മൂന്നാറിലേക്ക് എത്തും. തണുപ്പ് കാലത്തെ സ്വീകരിക്കാന്‍ മൂന്നാറിലെ ടൂറിസം മേഖലകളും ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ വിനോദ സഞ്ചാരികളുടെ വരവു കൂടും എന്ന പ്രതീക്ഷയിലാണ് മൂന്നാറിലെ ജനങ്ങള്‍.