കൊറോണറി ആൻജിയോപ്ലാസ്റ്റി: അറിയേണ്ടതെല്ലാം

single-img
5 November 2015

Coronorary Angioplastyഹൃദയത്തിൽ രക്തവും ഓക്സിജനും എത്തിക്കുന്ന രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാകുമ്പോഴാണ് സാധാരണയായി ഹൃദയാഘാതം ഉണ്ടാകുന്നത്. ആൻജിയോഗ്രാം എന്ന എക്സ്റേ സാങ്കേതിക വിദ്യയിലൂടെ ഡോക്ടർക്ക് രോഗിയുടെ ഹൃദയത്തിലെ രക്തക്കുഴലുകളിലൂടെയുള്ള രക്തയോട്ടം നിർണ്ണയിക്കാൻ സാധിക്കുന്നു. ഹൃദയധമിനികളിലെ തടസ്സങ്ങൾ എത്രത്തോളം അപകടമാണെന്ന് കണ്ടെത്തുന്നതോടൊപ്പം ഹൃദയമിടിപ്പ്, ഹൃദയ വാൽവ്കളുടെ പ്രവർത്തനം എന്നിവയും പരിശോധിക്കാൻ സാധിക്കും.

[quote]കൊറോണറി ആൻജിയോപ്ലാസ്റ്റി[/quote]

കൊറോണറി ആൻജിയോപ്ലാസ്റ്റി എന്നാൽ നിങ്ങളുടെ ഹൃദയത്തിലെ ഒന്നോ അതിലധികമോ ചെറിയ ആർട്ടറികൾ തിറക്കുന്ന പ്രക്രിയയാണ്. ഒരു കത്തീറ്റർ (നീണ്ട് കനം കുറഞ്ഞ ട്യൂബ്) രക്തധമിനികളിലേക്ക് കടത്തുകയും അത് ഹൃദയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ നടക്കുന്ന സമയത്ത് കത്തീറ്ററിന്റെ അറ്റത്തുള്ള നേരിയ ബലൂൺ വീർപ്പിക്കുകയും അത് പതുക്കെ പ്ലാക്കിനെ രക്തധമനിയുടെ ഭിത്തിയിലേക്ക് അമർത്തുകയും ചെയ്യുന്നു. ഇത് രക്തധമനി തുറക്കപ്പെടുന്നതിനും ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിനും സഹായകമാകുന്നു.

കൊറോണറി സെന്റ്

സെന്റ് എന്നാൽ ഒരു നേരിയ സ്റ്റെയിൻലെസ്സ് സ്റ്റീൽ വല അഥവ ട്യൂബ് ആണ്. പ്ലാക്കുള്ള സ്ഥലത്ത് സെന്റ് ഉറപ്പിച്ച് രക്തധമനിയെ തുറന്ന് വയ്ക്കാൻ സഹായിക്കുന്നു.

[quote]ആശുപത്രി വിട്ടതിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ[/quote]

  • ആശുപത്രി വിട്ടതിന് ശേഷവും ഡോക്ടറുടെ എല്ലാ നിർദ്ദേശങ്ങളും ഉപദേശങ്ങളും അനുസരിക്കുക.
  • കത്തീറ്റർ കാലിലൂടെയാണ് കടത്തുന്നതെങ്കിൽ സമനിലത്തുകൂടി ചെറിയദൂരം നടക്കാം. എന്നാൽ പടികൾ കയറുന്നതും ഇറങ്ങുന്നതും കഴിവതും ഒഴിവാക്കുക. കുറച്ച് ദിവസത്തേക്ക് കഠിനമായ ജോലികൾ ചെയ്യുന്നതും വാഹനം ഓടിക്കുന്നതും ഒഴിവാക്കുക.
  • കത്തീറ്റർ കൈതണ്ടയിലൂടെയാണ് കടത്തുന്നതെങ്കിൽ കത്തീറ്റർ കടത്തിയ കൈ ഉപയോഗിച്ച് നാല് കിലോയിൽ കൂടുതൽ ഭാരം വരുന്ന വസ്തുക്കൾ ഉയർത്താൻ പാടില്ല. അതുപോലെതന്നെ കൈ ശക്തിയായി വലിക്കുകയോ തള്ളുകയോ ചെയ്യരുത്.
  • ഡോക്ടർ നിർദ്ദേശിക്കുന്നത് വരെ നീന്തരുത്.
  • ആൻജിയോപ്ലാസ്റ്റിക്ക് ശേഷം കുറഞ്ഞത് ഒരാഴ്ച്ചത്തേക്ക് ഡ്രൈവ് ചെയ്യാൻ പാടില്ല.
  • ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ജോലിക്ക് പോയിതുടങ്ങുക.
  • ആരോഗ്യകരമായ ലൈംഗികജീവിതം ഹൃദയസംബന്ധമായ രോഗത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിന്റെ ഒരു പ്രധാന ഭാഗമാണ്. സാവധാനത്തിൽ പങ്കാളിയുമായി ചർച്ച ചെയ്യുക.
  • കുളിക്കുമ്പോൾ കത്തീറ്റർ കടത്തിയ ഭാഗം രൂക്ഷത കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ച് സാവധാനം വൃത്തിയാക്കുക. ഈർപ്പം കാരണം അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഒരു ടവ്വൽ ഉപയോഗിച്ച് നന്നായി ഒപ്പി ഉണക്കുക. കത്തീറ്റർ കടത്തിയ ഭാഗത്ത് പൗഡറോ ലോഷനോ പുരട്ടുകയോ തിരുമുകയോ ചൊറിയുകയോ ചെയ്യരുത്. നീരോ ചുവപ്പോ കണ്ടാൽ ഡോക്ടറെ സമീപിക്കുക.

[quote arrow=”yes”]കിംസ് ആശുപത്രി കാർഡിയോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ആണു ലേഖകൻ[/quote]