ഹിന്ദുകള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശങ്ങളുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ ബുക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തു

single-img
4 November 2015

subramanian-swamy

ഹിന്ദുകള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശങ്ങളുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ ബുക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തു. ബിജെപി നേതാക്കളുടെ വിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകള്‍ തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര സര്‍ക്കാരോ തയാറാകുന്നില്ലെന്ന വിമര്‍ശനവും ശക്തമാകവെയാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തി വിഭാഗീയത ഉണ്ടാക്കുന്നവര്‍ ശിക്ഷിക്കപ്പെടണമെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തിയത്.

2006ല്‍ സ്വാമിയുടേതായി പുറത്തിറങ്ങിയ ‘ഭീകരവാദം ഇന്ത്യയില്‍’ എന്ന പുസ്‌കത്തില്‍ ഹിന്ദുകള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശങ്ങളുണ്ടെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. വിദ്വേഷ പ്രസംഗം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പീനല്‍ കോഡിലെ 153, 153എ, 153ബി, 295, 295എ, 298, 505 എന്നീ വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്.

വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ സുബ്രഹ്മണ്യന്‍ സ്വാമിയെ ശിക്ഷിക്കുന്നതിനോടും കേന്ദ്ര സര്‍ക്കാര്‍ യോജിപ്പ് പ്രകടിപ്പിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സംസാരിക്കാനോ പ്രവര്‍ത്തിക്കാനോ എഴുതാനോ ആരെയും അനുവദിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

മുമ്പ് ഭരിച്ചിരുന്ന യുപിഎ സര്‍ക്കാര്‍ പോലും തന്റെ പുസ്‌കത്തിനെതിരെ ഉന്നയിക്കാത്ത ആരോപണങ്ങള്‍ ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിയത് അത്ഭുതപ്പെടുത്തിയെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.