ലോകോത്തര വിനോദസഞ്ചാര കേന്ദ്രത്തിനുള്ള പുരസ്‌കാരം തേക്കടിക്കു വേണ്ടി കേരളം ഏറ്റുവാങ്ങി

single-img
4 November 2015

Thekkadi_Keralam

ലോകത്തില്‍ ഏറ്റവുമധികം വളര്‍ന്നു വികസിക്കുന്ന രണ്ട് വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ തേക്കടിക്ക് അന്താരാഷ്ട്ര പുരസ്‌കാരം. പ്രഥമ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ സിഇഒ ചലഞ്ച് 2015ല്‍ തേക്കടിക്കു ലഭിച്ച ടോപ് എമേര്‍ജിംഗ് ഡെസ്റ്റിനേഷന്‍ അവാര്‍ഡ് സംസ്ഥാന ടൂറിസം വകുപ്പ് ഏറ്റുവാങ്ങി. ഉത്തരവാദിത്ത വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളുടെ മാതൃകയായി സംസ്ഥാന ടൂറിസം വകുപ്പ് വികസിപ്പിച്ചെടുത്ത തേക്കടിയെ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ അവാര്‍ഡിനായി തെരഞ്ഞെടുക്കുകയായിരുന്നു.

തിങ്കളാഴ്ച ലണ്ടനില്‍ ട്രാവല്‍ടൂറിസം മേഖലയിലെ ലോകത്തെ മുന്‍നിര പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങില്‍ ട്രിപ് അഡ്‌വൈസര്‍ ഗ്ലോബല്‍ ഡിസ്‌പ്ലേ സെയില്‍സ് വിഭാഗം വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ വെര്‍ധന്‍ റൂ, പാറ്റാ സിഇഒ മരിയോ ഹാര്‍ഡി എന്നിവരില്‍നിന്നു സംസ്ഥാന ടൂറിസം സെക്രട്ടറി ജി കമലവര്‍ധന റാവു പുരസ്‌കാരം ഏറ്റുവാങ്ങി. ഐക്യരാഷ്ട്രസഭയുടെ ആഗോള ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ ഡബ്ല്യുടിഒ) സെക്രട്ടറി ജനറല്‍ തലീബ് റിഫായ്, ഫിലിപ്പീന്‍സ് ടൂറിസം വകുപ്പ് സെക്രട്ടറി റാമോണ്‍ ഷിമെന്‍സ് ജൂനിയര്‍, യുഎന്‍ ഡബ്ല്യുടിഒ ഏഷ്യ പസഫിക് റീജണ്‍ വൈസ് പ്രസിഡന്റും കിറ്റ്‌സ് ഡയറക്ടറുമായ ഡോ. രാജശ്രീ അജിത് എന്നിവര്‍ ചടങ്ങില്‍ സഗബന്ധിച്ചു.

പ്രമുഖ ട്രാവല്‍ വെബ്‌സൈറ്റായ ട്രിപ് അഡൈ്വസര്‍ ഡിജിറ്റല്‍ പ്രചാരണത്തിലൂടെ ലോകത്തെങ്ങുമുള്ള സഞ്ചാരികളെ തേക്കടിയിലേക്കെത്തിക്കുന്നതിന് കേരള ടൂറിസത്തിന് സാങ്കേതിക സഹായം നല്‍കുന്നതിനുള്ള തീരുമാനവുമായി. അടുത്തവര്‍ഷം ജക്കാര്‍ത്തയില്‍ നടക്കുന്ന പാറ്റാ ട്രാവല്‍ മാര്‍ട്ടില്‍ കേരള ടൂറിസത്തിന് സൗജന്യ പവലിയന്‍ ലഭിക്കുന്നതിനു പുറമേ അമേരിക്കന്‍ ദ്വീപായ ഗുവാമില്‍ അടുത്ത മേയില്‍ നടക്കുന്ന പാറ്റായുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനും കേരളത്തിനു സാധിക്കും.