കേരള സര്‍ക്കാറുമായുള്ള കേസില്‍ ഫ്ലിപ്പ്കാര്‍ട്ടിന് ഹൈക്കോടതിയുടെ അനുകൂല വിധി

single-img
4 November 2015

Flipkarകേരള സര്‍ക്കാറുമായുള്ള കേസില്‍ ഫ്ലിപ്പ്കാര്‍ട്ടിന് ഹൈക്കോടതിയുടെ അനുകൂല വിധി.  കേരള മൂല്യ വര്‍ദ്ധിത നികുതി ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ച്‌ കേരള സര്‍ക്കാര്‍ നേരത്തെ ഫ്ലിപ്പ്കാര്‍ട്ടിന്‌ 47 കോടി രൂപയുടെ പിഴ ചുമത്തിയിരുന്നു. ഇത്‌ ചോദ്യം ചെയ്‌ത്‌ ഫ്ലിപ്പ്കാര്‍ട്ട്‌ നല്‍കിയ കേസിലാണ്‌ ഹൈക്കോടതിയില്‍ നിന്ന്‌ അനുകൂല വിധിയുണ്ടായത്‌. മറ്റ്‌ സംസ്ഥാനങ്ങളിലും സമാനമായ കേസുകളില്‍ നിയമനടപടികള്‍ നേരിടുന്ന കമ്പനിക്ക്‌ കേസിലെ വിധി കൂടുതല്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്‌.

തങ്ങള്‍ നേരിട്ട്‌ ഉപഭോക്താക്കള്‍ക്ക്‌ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നില്ലെന്നും മറിച്ച്‌ വില്‍പ്പനക്കാരെയും ഉപഭോക്താക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി മാത്രമാണെന്നുമായിരുന്നു ഫ്ലിപ്പ്കാര്‍ട്ട് വാദിച്ചത്‌. ഉപഭോക്താക്കളില്‍ നിന്ന്‌ കൈപ്പറ്റുന്ന പണം ഉല്‍പ്പന്നങ്ങള്‍ അവരുടെ കൈകളിലെത്തിയ ശേഷം വില്‍പ്പനക്കാര്‍ക്ക്‌ കൈമാറുന്ന ഇടനിലക്കാര്‍ മാത്രമായ കമ്പനിയില്‍ നിന്ന്‌ സംസ്ഥാന സര്‍ക്കാറിന്‌ മൂല്യവര്‍ദ്ധിത നികുതി ഈടാക്കാനാവില്ലെന്ന്‌ കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ഫ്ലിപ്പ്കാര്‍ട്ട്‌ വഴി വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങള്‍ അധികവും ഡബ്ല്യൂ. എസ്‌ റീട്ടെയ്‌ല്‍ എന്ന സ്ഥാപനത്തന്റേതാണെന്നും ഈ സ്ഥാപനം സംസ്ഥാന സര്‍ക്കാറിന്‌ കൃത്യമായി നികുതി നല്‍കി വരുന്നുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്‌