സമൂഹ നന്മയ്ക്കായി ഇടറാതെ മുന്നോട്ട്…….

single-img
3 November 2015

clk

1990കളിലെ പ്രാരംഭ കാലഘട്ടം, കേരള സംസ്ഥാനത്തിലെ മുസ്ലീം സമുദായം ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയാണ് സ്ഥലം. അടുക്കളയിൽ തന്നെ ജീവിതം കഴിച്ചുകൂട്ടിയിരുന്ന സ്ത്രീകൾ പതുക്കെ പതുക്കെ അരങ്ങത്തേക്ക് ഇറങ്ങാൻ തുടങ്ങിയ കാലം. എല്ലാ മേഖലകളിലും സംവരണസ്വാതന്ത്ര്യം ആസ്വദിക്കുന്ന ഇന്നത്തെ സ്ത്രീകൾക്ക് ഒരുപക്ഷെ അക്കാലം ഉൾക്കൊള്ളാൻ അല്പം പ്രയാസമായിരിക്കാം. അന്ന് മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസം നേടിയ കുറച്ച് സ്ത്രീകൾ ചേർന്ന് കേരളത്തിലെ ആദ്യത്തെ വനിതാ ക്ഷേമ വിഭാഗത്തിന് രൂപംകൊടുത്തു.

വിദ്യാഭ്യാസം നേടാത്ത, വീടിന്റെ അകത്തളത്തിന് പുറമെയുള്ള ലോകമെന്താണെന്ന് അറിഞ്ഞിട്ടില്ലാത്ത, വീട്ടുജോലികളിൽ മാത്രം മുഴുകി കഴിഞ്ഞിരുന്ന സ്ത്രീകളെ സാക്ഷരരാക്കുക എന്നതായിരുന്നു വനിതാ വിഭാഗം ആദ്യമായി ലക്ഷ്യം വെച്ചത്. അവർ ആദ്യമായി കടലോരപ്രദേശങ്ങളിലെ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാൻ തീരുമാനിച്ചു. ഇതിനായി മലപ്പുറത്തെ പറവണ്ണ, കൂട്ടായി; കോഴിക്കൊട് ജില്ലയിലെ കടലുണ്ടി എന്നീ  തീരമേഖലകളായിരുന്നു അവർ തെരെഞ്ഞെടുത്തത്. അവിടേക്ക് വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി ഖമറുനിസ അൻവറും കൂട്ടരും എത്തി.

ഇവരെ കണ്ടതും പുറത്ത് നിന്നിരുന്ന സ്ത്രീകളും കുട്ടികളും വീടിനകത്തേക്ക് ഓടിയൊളിച്ചു. അവരെയെല്ലാം വിട്ടിൽ നിന്നും പുറത്തേക്കിറക്കി ഖമറുനിസയും കൂട്ടരും തങ്ങളുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാക്കി.

ആ സ്ത്രീകളോട് അധികമടുത്തപ്പോഴാണ് അവരുടെ ദയനീയാവസ്ഥ ഖമറുനിസ മനസ്സിലാക്കുന്നത്. സ്വന്തം പേരുകൾ പോലും എഴുതുവാനോ വായിക്കുവാനോ അറിയാത്ത സ്ത്രീജനങ്ങൾ. വിദേശത്ത് ജോലിനോക്കുന്ന ഭർത്താക്കന്മാരുടെ കത്തുകൾ മറ്റൊരാൾ വായിച്ചുനൽകുന്നത് കേൽകേണ്ട അവസ്ഥയുള്ളവർ. ഒരു അസുഖം വന്നാൽ എന്ത് ചികിത്സ തേടണമെന്ന് അറിയാത്തവർ.

ചുരുക്കത്തിൽ മറ്റാരുടെയെങ്കിലും തണലിലല്ലാതെ അവർക്ക് കഴിയാനാവില്ല എന്ന് സാരം. എന്ത് ത്യാഗം സഹിച്ചും ഈ സ്ത്രീകൾക്ക് വിദ്യ പകരണമെന്ന ഖമറുനിസയുടെ അതിയായ ആഗ്രഹത്താൽ തുടക്കമിട്ട പ്രയത്നങ്ങളാണ് ഇന്ന് മലപ്പുറത്തെ കേരളത്തിലെ ഏറ്റവും സാക്ഷരതയുള്ള ജില്ലയാക്കി മാറ്റാൻ ഊർജ്ജമേകിയത്.

1991ൽ കോട്ടയ്ക്കൽ കൗൺസിലറായിരുന്ന സമയം കളക്ടറേറ്റിൽ നടന്ന മീറ്റിംഗിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് ഖമറുനിസയുടെ സ്വപ്നം സാക്ഷാത്കരിച്ച വിവരം അവരറിയുന്നത്. മലപ്പുറം ജില്ല ഏറ്റവും സാക്ഷരതയുള്ള ജില്ലയായി തെരെഞ്ഞെടുക്കപ്പെട്ട വാർത്ത തലസ്ഥാനത്ത് നിന്നും ആദ്യം എത്തിയത് ഖമറുനിസയുടെ കാതുകളിലായിരുന്നു. അന്ന് മനസ്സാകെ ആനന്തത്താൽ തുളുമ്പി ചെറുകണ്ണീർ പൊഴിച്ചുനിന്ന നിമിഷം ഇന്ന് സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ് ചെയർ പേഴ്സൺന്റെ സ്ഥാനം അലങ്കരിക്കുന്ന ഖമറുനിസ മനസ്സിൽ സ്മരിക്കുന്നു.

മൂന്ന് വർഷങ്ങൾക്ക് മുൻപ് 2012ലാണ് കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ് (കെ.എസ്.എസ്.ഡബ്ലൂ.ബി) ചെയർ പേഴ്സണായി ഖമറുനിസ അൻവർ ചുമതലയേൽക്കുന്നത്. 1954ൽ സ്ഥാപിതമായ ബോർഡ് ആദ്യകാലങ്ങളിൽ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കുമുള്ള ക്ഷേമപ്രവർത്തനങ്ങൾ നടത്തിവന്നിരുന്നു.

പിന്നീട് കാലക്രമേണ സർക്കാരിന് കീഴിൽ സ്ഥാപിതമായ നിരവധി ഡിപ്പാർട്ട്മെന്റുകൾ അവരവരുടെ ചുമതലയില്പെട്ട ക്ഷേമപ്രവർത്തനങ്ങൾ നടത്തിവന്നു. ഭാരത സർക്കാർ സ്ഥാപനമായ കേന്ദ്ര സാമൂഹ്യ ക്ഷേമ ബോർഡിന്റെ നിയന്ത്രണത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ക്ഷേമ ബോർഡിന്റെ ശാഖ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സംയുക്തമായിട്ടാണ് കെ.എസ്.എസ്.ഡബ്ലൂ.ബിയിലേക്ക് വേണ്ടി ഫണ്ട് അനുവദിക്കുക.

സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡിന്റെ തലപ്പത്ത് ശ്രീമതി ഖമറുനിസ വന്നതിന് ശേഷം ജനങ്ങൾക്ക് ഉപകാരപ്രദമായ ഒട്ടനവധി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി. കൂടാതെ കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡിന്റെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഇവയിൽ പ്രധാനമായും ഉള്ളത്:-

  • ജോലിയ്ക്ക് പോകുന്നതും അല്ലാത്തതുമായ അമ്മമാർക്ക് പകൽ സമയങ്ങളിൽ അവരുടെ കുട്ടികളെ സുരക്ഷിതമായി സംരക്ഷിക്കുന്നതിനായിട്ടുള്ള രാജീവ് ഗാന്ധി ദേശീയ ക്രഷ് സ്കീം.
  • ഫാമിലി കൗൺസലിങ് സെന്ററുകൾ, ബോധവത്കരണ ക്യാമ്പുകൾ
  • മാനസികവും ശാരീരികവുമായ ചൂഷണങ്ങൾക്കും മറ്റ് ബുദ്ധിമുട്ടുകൾക്കും അടിമയാക്കപ്പെടുന്ന സ്ത്രികൾക്ക് താത്കാലിക സുരക്ഷിതത്വം ലഭ്യമാക്കുന്ന ഷോർട്ട് സ്റ്റേ ഹോം.

തുടങ്ങിയ പദ്ധതികൾ സംസ്ഥാനത്ത് ഉടനീളം പ്രവർത്തിക്കുന്നു.

ഇതിനുപുറമെ കേരളത്തിലെ 14 ജില്ലകളിലും സാമൂഹ്യനീതി വകുപ്പിന്റെ ധനസഹായത്തോടെ ഗാർഹിക അതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം(2005) നടപ്പിലാക്കി വരുന്നു. കൂടാതെ ഗാർഹിക പീഢനകേസുകളിൽ അദാലത്ത് വഴി ഉടനടി പരിഹാരം കണ്ടെത്തുന്ന പദ്ധതിക്കും തുടക്കം കുറിച്ചു.

സ്ത്രീകളെ ഗാർഹിക അതിക്രമങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനും പീഢനമേൽക്കുന്നവരെ സംരക്ഷിക്കുന്നതിനും ഹെല്പ് ലൈനുകളും ഷെൽട്ടർ ഹോമുകളും പ്രവർത്തിക്കുന്നു. ഗാർഹിക പിഢന നിരോധന നിയമത്തിന്റെ ഭാഗമായി കേരളത്തിലുടനീളം 101 സർവ്വീസ് പ്രൊവൈഡിംഗ് സെന്ററുകളും പ്രവർത്തിക്കുന്നു.

നെടുന്തൂണായി മുന്നിൽ നിന്ന് നയിക്കാൻ ഖമറുനിസ എന്ന വ്യക്തിയുള്ളത് കൊണ്ടാണ് സാമൂഹിക ക്ഷേമ ബോർഡിന്റെ ഇത്തരം പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നത്. ഇത് ബോർഡിലെ ജീവനക്കാരും അംഗീകരിക്കുന്നു. ചെറുപ്പകാലം മുതൽ സ്വജീവിതത്തെ സമൂഹത്തിന് നന്മ ചെയ്യുന്നതിനായും മാറ്റിവച്ച ഖമറുനിസയ്ക്ക് തന്റെ 42 വർഷം നീണ്ട സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കിടയിൽ ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

clk1

മനുഷ്യ സേവത്തിനും സാമൂഹിക ക്ഷേമത്തിനും ആദരസൂചകമായി 1991ലെ പ്രൊഫസർ ഷാ അവാർഡ്, മികച്ച സാമൂഹ്യ പ്രവർത്തകയ്ക്കുള്ള 2002ലെ കേരള സർക്കാരിന്റെ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾക്കും പുരസ്ക്കാരങ്ങൾക്കും പുറമെ തന്റെ ജീവിതകാലയളവിൽ നടത്തിയ മികച്ച സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇന്റർനാഷണൽ ഓപൺ യൂണിവേർസിറ്റി, കൊളമ്പൊ, 2012ൽ ശ്രീമതി ഖമറുനിസ അൻവറിനെ ഡോക്ടറേറ്റ് നൽകി ആദരിക്കുകയും ചെയ്തു.

തുടക്കത്തിൽ നിരവധി തടസ്സങ്ങളും വെല്ലുവിളികളും നേരിടേണ്ടിവന്ന ഖമറുനിസ, സമൂഹത്തിന് തന്നാലാവുന്നത് ചെയ്യണമെന്ന അധിയായ ആഗ്രഹത്താൽ ഇതിനെയെല്ലാം തരണം ചെയ്യുകയായിരുന്നു. പല ഘട്ടങ്ങളിലും സ്വന്തം പണം ഉപയോഗിച്ച് സഹായം വേണ്ടുന്നവർക്ക് ആശ്വാസമേകാനും അവർ തയ്യാറായിരുന്നു.

ഇപ്പോൾ നിർധനരും വീടില്ലാത്തതുമായവരെ സംരക്ഷിക്കുന്നതിനായി സ്വന്തം ചിലവിൽ ‘സ്നേഹവീട്’ എന്ന അഭയകേന്ദ്രം തന്റെ വീട്ടുവളപ്പിൽ തന്നെ ഒരുക്കിയിരിക്കുകയാണ് ഡോ. ഖമറുനിസ അൻവർ. തന്റെ ഭർത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റ് കുടുംബാംഗങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയാണ് അവരുടെ ഊർജ്ജം. ഇതിനെല്ലാം പുറമെ താൻ സഹായിക്കുന്ന മനുഷ്യരുടെ നിഷ്കളങ്കമായ മനസ്സിൽ നിന്നുള്ള പ്രാർത്ഥനകൾ തന്നോടൊപ്പമെന്നും ഉണ്ടാകുമെന്ന വിശ്വാസവും.