ദാവൂദ് ഇബ്രാഹിമിന് പാക് സൈന്യം സുരക്ഷയൊരുക്കിയതായി റിപ്പോർട്ട്

single-img
3 November 2015

davoodന്യൂ‍‍ഡൽഹി: ഛോട്ടാ രാജൻ അറസ്റ്റിലായ സാഹചര്യത്തിൽ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ സുരക്ഷ പാക്കിസ്ഥാൻ സൈന്യം വർധിപ്പിച്ചതായി റിപ്പോർട്ടുകൾ. ദാവൂദിന്‍റെ കറാച്ചിയിലെയും ഇസ്‌ലാമാബാദിലെയും വസതികളിൽ സുരക്ഷ‍യ്ക്കായി പാക്ക് സൈന്യത്തിലെ പ്രത്യേക കമാൻഡോകളെ നിയോഗിച്ചിരിക്കുന്നു എന്നാണ് വാർത്തകൾ.

1993ലെ മുംബൈ സ്ഫോടനത്തിന് ശേഷം ഇന്ത്യയിൽ നിന്ന് കടന്ന ദാവൂദ് 20 വർഷമായി കുടുംബത്തോടൊപ്പം പാക്കിസ്ഥാനിൽ താമസിക്കുന്നതായി ഇന്ത്യൻ ഇന്റലിഗൻസ് വിഭാഗം കണ്ടെത്തിയിരുന്നു. അന്ന് പാക് ഭരണകൂടം ഈ വാദത്തെ എതിർത്തിരുന്നു. അതേസമയം ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്നും ഐ.എസ്.ഐയാണ് അയാളെ സംരക്ഷിക്കുന്നതെന്നും ബാലിയിൽ അറസ്റ്റിലായ ഛോട്ടാ രാജൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ദാവൂദ് പാകിസ്ഥാനിൽ ഇല്ലെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് പാക് ഭരണകൂടം.

ഒക്ടോബർ 25ന് ഇന്തോനേഷ്യയിലെ ബാലിയിലാണ് കുപ്രസിദ്ധ കുറ്റവാളി ഛോട്ടാ രാജൻ അറസ്റ്റിലായത്. ഛോട്ടാ രാജനെ രാജ്യത്തെത്തിക്കാനുള്ള പരിശ്രമത്തിലാണ് ഇന്ത്യൻ അധികൃതർ. ഇതിനായി സി.ബി.ഐ ഉദ്യോഗസ്ഥരും ഡൽഹി, മുംബൈ പൊലീസും അടക്കമുള്ള ഇന്ത്യൻ സംഘം ഞായറായ്ച തന്നെ ബാലിയിലെത്തിയിട്ടുണ്ട്.