ഖനനക്കേസിൽ യു.ഡി.എഫ് തന്നെ സഹായിച്ചിട്ടിലെന്ന് എളമരം കരീമിന്റെ മറുപടി

single-img
2 November 2015

elamara kareemകോഴിക്കോട്: ചക്കിട്ടപ്പാറ ഖനനക്കേസിൽ മുൻമന്ത്രി എളമരം കരീമിനെ കുറ്റവിമുക്തനാക്കിയതിൽ സിപിഎം-യുഡിഎഫ് ഒത്തുകളിയുണ്ടെന്ന് ആരോപിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വി. മുരളീധരനെതിരെ മറുപടിയുമായി കരീം. ഇക്കാര്യത്തിൽ യു.ഡി.എഫിൽ നിന്ന് ഒരു തരത്തിലുള്ള സഹായവും തനിക്ക് ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുളീധരൻ ഉന്നയിച്ച ആരോപണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണെന്നും മുൻമന്ത്രി എളമരം കരീം വ്യക്തമാക്കി.

വിജിലന്‍സ് കേസിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ അസ്വാഭാവികത ഒന്നുമില്ലെന്നും കേസ് തള്ളുന്നതും സ്വീകരിക്കുന്നതും വിജിലന്‍സിന്റെ വിവേചനാധികാരമാണെന്നും കരീം പറഞ്ഞു. അതേസമയം ചക്കിട്ടപ്പാറ ഖനനക്കേസിൽ തനിക്കെതിരെ ആരോപണം ഉന്നയിച്ച സുബൈർ നിരവധി വഞ്ചനക്കേസുകളിലെ പ്രതിയാണെന്ന് എളമരം കരീം ചൂണ്ടിക്കാട്ടി.
കേരളത്തിൽ എൽ.ഡി.എഫ്-യു.ഡി.എഫ് ധാരണ ഉണ്ടാക്കുമെന്ന് ആരും വിശ്വസിക്കുന്നില്ലെന്നും മുരളീധരന്റെ സ്ഥാനത്തിന് ചേർന്ന ആരോപണമല്ല അദ്ദേഹം ഉന്നയിച്ചതെന്നും കരീം അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കരീം മുന്നറിയിപ്പ് നൽകി.