ആഡംബരവും കരുത്തും ഒത്തിണക്കി പുത്തൻ ലാൻഡ്ക്രൂസർ; വില 1.29 കോടി

single-img
2 November 2015

landടൊയോട്ട എന്ന് പേരു കേൽക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന വാഹനം ലാൻഡ് ക്രൂസറാണ്. ടൊയോട്ട ലോകത്ത് വിൽകുന്നതിൽ ഏറ്റവും വിലയേറിയ അത്യാഡംബര എസ്.യു.വിയാണ് ലാൻഡ് ക്രൂസർ, ഏതൊരു വാഹനപ്രേമിയുടേയും സ്വപ്നം.

ഇപ്പോൾ ലാൻഡ് ക്രൂസറിന്റെ എട്ടാം തലമുറയിൽ പെട്ട ലാൻഡ് ക്രൂസർ 200 ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചിരിക്കുകയാണ് ടൊയോട്ട. 1.29 കോടി രൂപയാണ് ഡൽഹിയിലെ എക്സ്ഷോറൂം വില. ഇന്ത്യൻ വിപണിയിൽ റേഞ്ച് റോവർ സ്പോർട്ട്, പോർഷെ കയാൻ, മേഴ്സിഡീസ് ബെൻസ് ജി.എൽ. ക്ലാസ്, ബി.എം.ഡബ്ല്യൂ എക്സ്5 തുടങ്ങിയവയാണ് ലാൻഡ് ക്രൂസർ 200ന്റെ മുഖ്യ എതിരാളികൾ.

തന്റെ മുൻഗാമിയെ അപേക്ഷിച്ച് പുറമേയും അകമേയും നിരവധി പുതുമകളുമായിട്ടാണ് ലാൻഡ്ക്രൂസർ 200ന്റെ വരവ്. വലിപ്പമേറിയ ത്രീബാർ ക്രോം ഗ്രിൽ, ഇതിൽ നിന്ന് ഹെഡ് ലാമ്പിലേക്ക് നീളുന്ന ക്രോം പ്ലേറ്റ്, പുത്തൻ ഹെഡ് ലാമ്പുകൾ, റീ ഡിസൈൻഡ് ബമ്പറും ഫോഗ് ലാമ്പുകളും, വാഹനത്തിന്റെ കരുത്ത് എടുത്തുകാട്ടുന്ന ബോണറ്റ്, പിന്നിൽ ലാൻഡ്ക്രൂസർ എന്ന പേരു പതിപ്പിച്ച ക്രോം സ്ട്രിപ്പ്, പുതിയ ടെയിൽ ലാമ്പുകൾ തുടങ്ങിയവയാണ് പുറംവശത്തെ പുതുമകൾ.

ഉൾവശത്ത് പൂർണമായും പുതിയ സെന്റർ കൺസോളും ഡാഷ് ബോർഡും ഉൾക്കൊള്ളിച്ചു. ഡാഷ് ബോർഡിൽ പുതുമയുള്ള ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, മൾട്ടി ഇൻഫർമേഷൻ  ഡിസ്‌പ്ലെ എന്നിവയും ഒരുക്കിയിരിക്കുന്നു. പുതുതായി രൂപകൽപ്പനചെയ്ത ഹീറ്റർ സഹിതമുള്ള സ്റ്റീയറിങ് വീലാണ്. എ.സി വെന്റുകൾ കൊടുത്തിരിക്കുന്ന ക്രോം ഇൻസേർട്ടുകൾ ഉൾവശത്തെ ഏറെ ആകർഷകമാക്കി മാറ്റിയിരിക്കുന്നു. കൂടാതെ എൽ ഇ ഡിയാൽ പ്രകാശപൂരിതമാകുന്ന എൻട്രി സിസ്റ്റം, ടയറിന്റെ മർദം നിരീക്ഷിക്കാനുള്ള സംവിധാനം, എൻഹാൻസ്ഡ് മൾട്ടി ടെറെയ്ൻ മോണിട്ടർ ക്യാമറ എന്നിവയും ലാൻഡ് ക്രൂസർ 200ൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

എൻജിൻ കമ്പാർട്മെന്റിൽ മുൻ ലാൻഡ്ക്രൂസറിൽ നിന്നും കമ്പനി മാറ്റം വരുത്തിയിട്ടില്ല. വാഹത്തിന്റെ മുൻ തലമുറയിൽ ഘടിപ്പിച്ചിരുന്ന അതേ 4.5 ലീറ്റർ, വി 8 ഡീസൽ എൻജിൻ തന്നെയാണ് ലാൻഡ്ക്രൂസർ 200നെ വഹിക്കുന്നത്. ഈ എൻജിൻ പരമാവധി 268 പി എസ് കരുത്തും 650 എൻ എം ടോർക്കും ഉത്പാദിപ്പിക്കും. ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

പുതിയ ലാൻഡ് ക്രൂസർ 200 ഇന്ത്യയിൽ 4×4 ലേ ഔട്ടിലും ലഭ്യമാവും. സൂപ്പർ വൈറ്റ്, വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, സിൽവർ മെറ്റാലിക്, ഗ്രേ മെറ്റാലിക്, ബ്ലാക്ക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, ഡാർക്ക് റെഡ് മൈക്ക മെറ്റാലിക്, ബീജ് മൈക്ക മെറ്റാലിക് എന്നീ നിറങ്ങൾക്ക് പുറമെ കോപ്പർ ബ്രൗൺ, ഡാർക്ക് ബ്ലൂ മൈക്ക എന്നിങ്ങനെ രണ്ടു പുതിയ നിറങ്ങളിലും പരിഷ്കരിച്ച ലാൻഡ് ക്രൂസർ 200 ലഭ്യമാകും.

വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിഷ്കരിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് കമ്പനിയുടെ ആഗോള എസ് യു വി ശ്രേണിയിലെ ‘ലാൻഡ് ക്രൂസർ 200’ ഇന്ത്യയിലെത്തിക്കുന്നതെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് സീനിയർ വൈസ് പ്രസിഡന്റ് അകിതൊഷി തകെമുര അറിയിച്ചു. ഏറ്റവും പുതിയ സംവിധാനങ്ങളും സൗകര്യങ്ങളുമൊക്കെ കോർത്തിണക്കിയാണ് പുത്തൻ ലാൻഡ്ക്രൂസറിനെ നിരത്തിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ 75 ലക്ഷത്തിലേറെ ഉടമകളാണ് ‘ലാൻഡ് ക്രൂസർ’ സ്വന്തമാക്കിയതെന്നും തകെമുര പറഞ്ഞു.