കല്‍ബുര്‍ഗിക്ക് ആര്‍എസ്എസിന്റെ ആദരാഞ്ജലി; രാജ്യത്ത് നിലവിലുള്ള സംവരണ നയം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന്‍ ആര്‍എസ്എസ്

single-img
2 November 2015

kalburgiറാഞ്ചി: ഹിന്ദുത്വ വാദികള്‍ കൊലപ്പെടുത്തിയ പ്രശസ്ത കന്നഡ സാഹിത്യകാരന്‍ എംഎം കല്‍ബുര്‍ഗിക്ക് ആര്‍എസ്എസിന്റെ ആദരാഞ്ജലി. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡലിലാണ് യുക്തിവാദിയായ കല്‍ബുര്‍ഗിയടക്കം അടുത്തിടെ മരണപ്പെട്ട എണ്‍പതോളം പ്രമുഖരെയാണ്  അനുസ്മരിച്ചത്. രാജ്യത്ത് അസഹിഷ്ണുതയ്‌ക്കെതിരെ എഴുത്തുകാരും ചലച്ചിത്ര രംഗത്തുനിന്നുള്ളവരും ചരിത്രകാരന്മാരും പുരസ്‌കാരം തിരിച്ചു നല്‍കുന്നതടക്കമുള്ള പ്രതിഷേധ മാര്‍ഗങ്ങള്‍ തുടങ്ങിയത് കല്‍ബുര്‍ഗി വധത്തോടെയാണ്.

കല്‍ബുര്‍ഗിക്ക് പുറമെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം, ഗാന്ധിയന്‍ നാരായണ്‍ ദേശായി, മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ജെബി പട്‌നായിക്, ബിസിസിഐ പ്രസിഡന്‌റ് ജഗ്മോഹന്‍ ഡാല്‍മിയ സംഗീതജ്ഞന്‍ എംഎസ് വിശ്വനാഥന്‍, ഹിന്ദു മഹാസഭാ നേതാവ് ഹിമാനി സവര്‍ക്കര്‍, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്ര എന്നിവരും ഉള്‍പ്പെടും.

രാജ്യത്ത് നിലവിലുള്ള സംവരണ നയം പുനപരിശോധിക്കാന്‍ ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടില്ലെന്നും യോഗം വ്യക്തമാക്കി. സംവരണ നയം പുനപരിശോധിക്കണമെന്ന് നേരത്തെ ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടിരുന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈയുള്ള ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഇത് ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന വിലയിരിത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിശദീകരണം.

ദാദ്രി കൊലപാതകത്തെ ഇന്നലെ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി അപലപിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അസഹിഷ്ണുതയുടെ പേരില്‍ സംഘടന അനാവശ്യമായി പഴികേള്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.