കുവൈറ്റില്‍ അനുമതി വാങ്ങാതെ നവരാത്രി ആഘോഷം സംഘടിപ്പിച്ച മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ പിടിയില്‍; ആഘോഷങ്ങളില്‍ പങ്കെടുത്ത ചില മലയാളികള്‍ വര്‍ഗീയപരാമര്‍ശവും അസഭ്യവര്‍ഷവും നടത്തിയിരുന്നു

single-img
2 November 2015

arrested-medഅബ്ബാസിയ:  കുവൈറ്റില്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെ നവരാത്രി ആഘോഷം സംഘടിപ്പിച്ച മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ പിടിയിലായതായി റിപ്പോര്‍ട്ട്.  അര്‍ദ്ധരാത്രി വരെ നീണ്ടുനിന്ന നവരാത്രി ആഘോഷത്തെ കുറിച്ച് സ്വദേശികളുടെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കുവൈറ്റ് രഹസ്യാന്വേഷണ ഏജന്‍സി ഇവരെ പിടികൂടിയത്. ഇതില്‍ 11 പേരുടെ അറസ്റ്റ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്‌റ്റോബര്‍ 23നാണ് അറസ്റ്റിനിടയാക്കിയ സംഭവം നടന്നത്.

അബ്ബാസിയയിലെ പ്രാദേശിക പ്രവാസി സംഘടനയായ കര്‍ണ്ണാടക നവചേതന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മംഗഫിലെ  ഹാളില്‍ വെച്ച് നടത്തിയ നവരാത്രി ആഘോഷപരിപാടിയില്‍ പങ്കെടുത്തവരാണു കുവൈറ്റ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായിരിക്കുന്നത്.

പരിസരവാസികള്‍ക്ക് ശല്യം ഉണ്ടാക്കുന്ന വിധത്തില്‍ ശബ്ദ കോലാഹലം സൃഷ്ടിച്ചതിനും അനുമതി കൂടാതെ ഒത്തു ചേര്‍ന്നതിനുമാണു ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്നാണു ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളില്‍ നിന്നുള്ള വിശദീകരണം. എന്നാല്‍ ശബ്ദ കോലാഹലത്തിനു പുറമെ വര്‍ഗീയപരമായ പെരുമാറ്റവും ഇവര്‍ക്കെതിരെ നടപടിയെടുക്കാനിടയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

മാത്രമല്ല ആഘോഷങ്ങളില്‍ പങ്കെടുത്ത ചില മലയാളികള്‍ മറ്റൊരു സമുദായത്തെ ആക്ഷേപിച്ച് അസഭ്യവര്‍ഷം മുഴക്കിയതായും സ്വദേശികളുടെ പരാതിയില്‍ പറയുന്നു. പിടിയിലായവരില്‍  കാസര്‍ഗോഡ് – മംഗലാപുരം ഭാഗത്തുള്ള മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.