കേരള ഫുട്ബാളിന്റെ കറുത്ത മുത്ത് ഐ.എം വിജയന്‍ സംഘര്‍ഷഭരിതമായ കണ്ണൂരിന്റെ മണ്ണില്‍ സുരക്ഷയൊരുക്കാനെത്തി

single-img
2 November 2015

vijayanകണ്ണൂര്‍:  കേരള ഫുട്ബാളിന്റെ കറുത്ത മുത്ത്  ഐ.എം. വിജയന്‍ കണ്ണൂര്‍ മയ്യിലില്‍ സുരക്ഷയൊരുക്കാനെത്തി. ഇന്നത്തെ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സംഘര്‍ഷ ബൂത്തുകളുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയ മയ്യില്‍ മേഖലയിലാണെങ്കിലും  തന്റെ മനസില്‍ അത്തരം ആശങ്കകളൊന്നുമില്ലെന്ന് വിജയന്‍ പറഞ്ഞു.

കളിക്കളത്തില്‍ പലതവണ കണ്ടിട്ടുള്ള വിജയനെ പോലീസ് യൂണിഫോമില്‍ നേരിട്ടു കണ്ടതിന്റെ ആവേശത്തിലാണ് വോട്ടര്‍മാര്‍. തൃശൂര്‍ കെ.എ.പി ഒന്നാം ബറ്റാലിയനില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് വിജയന്‍. അദ്ദേഹം ഞായറാഴ്ച രാവിലെയാണ് മറ്റ് സേനാംഗങ്ങള്‍ക്കൊപ്പം കണ്ണൂരില്‍ എത്തിയത്.

മയ്യിലിലെ എല്ലാ ബൂത്തുകളിലും ഇന്നലെ തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും ജനങ്ങളുടെ ഭാഗത്തുനിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും വിജയന്‍ പറഞ്ഞു.  ഫുട്ബോളിലെ സൂപ്പര്‍താരമാണെങ്കിലും തന്റെ സാന്നിധ്യം പോലീസുകാര്‍ക്ക് സുരക്ഷാ പ്രശ്നമാവുമോയെന്ന് കരുതുന്നില്ലെന്നും വിജയന്‍ പറഞ്ഞു.

പോലീസിലായതിനാല്‍ എവിടെയായാലും ഡ്യൂട്ടി ചെയ്യണം. കണ്ണൂരില്‍ ജോലിചെയ്യുന്നതില്‍ സന്തോഷമേയുള്ളു-വിജയന്‍ പറഞ്ഞു. കെഎപി അസി.കമാന്‍ഡന്റും കേരളത്തിന്റെ പഴയകാല ഫുട്ബോള്‍ താരവുമായ സുധീറും വിജയനൊപ്പമുണ്ട്.

വിജയനുള്ളതുകൊണ്ട് ജനങ്ങളുടെ ഭാഗത്തുനിന്ന് കൂടുതല്‍ സഹകരണമുണ്ടാകുമെന്ന് സുധീര്‍ പറഞ്ഞു. മയ്യില്‍ മേഖലയില്‍ 128 പോളിങ് ബൂത്തുകളാണ് ഉള്ളത്. വോട്ടെടുപ്പ് ദിവസം പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി നിര്‍ദേശിച്ച ഒട്ടേറെ ബൂത്തുകളും ഇവിടെയുണ്ട്.