തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്‌ അവസാനിച്ചു; 76 ശതമാനം പോളിംഗ്

single-img
2 November 2015

 

IN07_KERALA_11396fതദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ്‌ അവസാനിച്ചു. നാലുമണിവരെ   75 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയാണ്. വോട്ടെടുപ്പ് നടക്കുന്ന ചില ജില്ലകളിൽ രാവിലെ കനത്ത മഴയായിരുന്നു.

ഏഴ് ജില്ലകളിലെ 9200 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ എന്നീ ജില്ലകളിലാണ്  വോട്ടെടുപ്പ്‌ നടക്കുന്നത്‌. 31,161 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ഏഴ് ജില്ലകളിലായി 1,11,11,006 വോട്ടര്‍മാരാണുള്ളത്.  രണ്ടാംഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന മറ്റ്‌ ജില്ലകളിലെ പരസ്യ പ്രചരണം നവംബർ മൂന്നിന്‌ അവസാനിക്കും. എല്ലാ ജില്ലകളിലും നവംബർ 7ന്‌ വോട്ടെണ്ണും.

ജില്ല തിരിച്ചുള്ള കണക്കുകള്‍

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ 72 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടവോട്ടടെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഏറ്റവും പിറകിലാണ് തിരുവനന്തപുരം. രാവിലെ പെയ്ത കനത്ത മഴ   ജില്ലയിലെ പോളിങ്ങിനെ ബാധിച്ചിരുന്നു.  തിരുവനന്തപുരം ആനാട് വഞ്ചുവം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷമീമിനാണ് വോട്ടിംഗിനിടെ വെട്ടേറ്റത്.

കൊല്ലം

74 ശതമാനം വോട്ടാണ് ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തെ പോലെ കൊല്ലം നഗരത്തില്‍ കനത്ത മഴയെ തുടര്‍ന്ന് പോളിങ് മന്ദഗതിയിലാണ് തുടങ്ങിയത്.  ജില്ലയിലെ പല  ബൂത്തുകളിലും വോട്ടിങ് യന്ത്രം പണിമുടക്കിയിരുന്നു.  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റിരുന്നു. എല്‍.ഡി.എഫ് ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇടതു സ്ഥാനാര്‍ത്ഥി ലെറ്റസ് ജെറോമിന് വെട്ടേറ്റത്.

ഇടുക്കി

ഇടുക്കിയില്‍ ശക്തമായ പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.  75ശതമാനം വോട്ട് പോള്‍ ചെയ്തു. മൂന്നാറിലാണ് കനത്ത പോളിങ്ങ് നടന്നത്. ഇവിടെ രണ്ടിടത്ത് വോട്ടിങ് യന്ത്രം തകരാറിലായി.

കോഴിക്കോട്

കോഴിക്കോട്ട് 74 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.  മുക്കം നഗരസഭയില്‍ അഗസ്ത്യന്‍മൂഴിയില്‍ വോട്ടിങ് യന്ത്രം പണിമുടക്കി, അരമണിക്കൂര്‍ വൈകി. ഇവിടെ കൈയ്യിട്ടാപ്പൊയില്‍ വാര്‍ഡില്‍ ബൂത്ത് കെട്ടുന്നതു സംബന്ധിച്ചു ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി.

വയനാട്

വയനാട്ടില്‍ ഇതുവരെ 80 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. കല്‍പറ്റ 45%, മാനന്തവാടി55%, ബത്തേരി53% എന്നിങ്ങനെയാണ് കണക്കുകള്‍.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍  പോളിങ് 76 ശതമാനമാണ് രേഖപ്പെടുത്തിയത്.

കണ്ണൂര്‍ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് എല്‍പി സ്‌കൂളിലെ ബൂത്തില്‍ യുഡിഎഫ് വനിതാ സ്ഥാനാര്‍ഥി രേഷ്മയെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിരുന്നു.

കാസര്‍കോട്

കാസര്‍കോട് ജില്ലയില്‍ 76 ശതമാനം വോട്ട് രേഖപ്പെടുത്തി.

അവശേഷിക്കുന്ന ഏഴു ജില്ലകളിലെ 1.41 കോടി വോട്ടര്‍മാര്‍ ഈ മാസം അഞ്ചിനു വോട്ടുചെയ്യും. ഏഴിനാണ് എല്ലാ ജില്ലകളിലെയും വോട്ടെണ്ണല്‍. പുതിയ 28 നഗരസഭകളില്‍ 11 ഇടത്തും ഇന്നു വോട്ടെടുപ്പു നടക്കും.

മുന്‍ കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍ (ചോമ്പാല), ഒ.രാജഗോപാല്‍, കൊടിക്കുന്നേല്‍ സുരേഷ്, മന്ത്രി വി. എസ്. ശിവകുമാര്‍, കെ.എസ്. ശബരിനാഥന്‍ ( എല്ലാവരും തിരുവനന്തപുരം), സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ (കോഴിക്കോട്), ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ (കാസര്‍ക്കോട്) എന്നിവര്‍ കാലത്ത് തന്നെ വോട്ട് രേഖപ്പെടുത്തി.

സംസ്ഥാനത്ത് 1316 ബൂത്തുകള്‍ അതീവ പ്രശ്‌നസാധ്യതയുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1019 എണ്ണത്തിലും വെബ് കാസ്റ്റിങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റ് ബൂത്തുകളില്‍ വീഡിയോ ചിത്രീകരണവും കൂടുതല്‍ പോലീസും ഉണ്ടാവും. പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ പകുതിയോളം കണ്ണൂരിലാണ്. ഇവിടെ ഇത്തരത്തിലുള്ള 643 ബൂത്തുകളില്‍ 408 എണ്ണത്തിലും വെബ് കാസ്റ്റിങ് ഉണ്ടായിരിക്കും. വയനാട്ടിലും പത്തനംതിട്ടയിലും പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളില്ല.