മെട്രോ നിര്‍മ്മാണത്തിന്റെ മറവില്‍ എം.ജി. റോഡിലെ ഹോട്ടല്‍ ക്വട്ടേഷന്‍ സംഘം പൊളിച്ചത് സെന്‍ട്രല്‍ സി.ഐയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ട്; സി.ഐ. ഫ്രാന്‍സിസ് ഷെല്‍ബിക്കെതിരെ നടപടി കൈക്കൊള്ളണമെന്ന്‍ ശുപാര്‍ശ

single-img
1 November 2015

police_cap_0കൊച്ചി: മെട്രോ നിര്‍മാണത്തിന്റെ മറവില്‍ എറണാകുളം എം.ജി. റോഡിലെ ഹോട്ടല്‍ ക്വട്ടേഷന്‍ സംഘം പൊളിച്ചത് സെന്‍ട്രല്‍ സി.ഐ.യുടെ അറിവോടെയെന്ന് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഡി.സി.പി. ഹരിശങ്കര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സി.ഐ. ഫ്രാന്‍സിസ് ഷെല്‍ബിക്ക് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നും  സി.ഐ.യുടെ അറിവോടെയാണ് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ജോസ് ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ സഫയര്‍ പൊളിച്ചതെന്ന് പറയുന്നത്. സി.ഐ.ക്കെതിരെ നടപടി കൈക്കൊള്ളണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കയിട്ടുള്ളത്.

കെട്ടിടം പൊളിച്ച ദിവസം, അറസ്റ്റിലായ ഒന്നാം പ്രതി ജോയ് ആന്റണിയുമായി സി.ഐ. ഫോണില്‍ ബന്ധപ്പെട്ടുവെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ് കമ്മീഷണര്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് സി.ഐ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

കഴിഞ്ഞ മാസം പതിനാറിന് പുലര്‍ച്ചെ രണ്ട് മണിക്ക് കൊച്ചി മെട്രോ തൊഴിലാളികളുടെ യൂണിഫോമിലെത്തിയ അജ്ഞാതര്‍ ജെ.സി.ബി ഉപയോഗിച്ച് ഹോട്ടല്‍ പൊളിച്ചത്.  ഈ സമയം ഹോട്ടലിന്റെ അകത്ത് പതിനഞ്ചോളം ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ ഏതാനും ജീവനക്കാര്‍ക്ക് തലയില്‍ മരക്കഷ്ണം വീണ് പരിക്കേല്‍ക്കുകയും ചെയ്തു.

ഖാദര്‍ പിള്ള എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ എ.കെ. നഹാസും മറ്റ് ആറുപേരും ചേര്‍ന്നാണ് ഹോട്ടല്‍ നടത്തുന്നത്. മെട്രോയ്ക്കുവേണ്ടി കെട്ടിടം മുഴുവന്‍ ഏറ്റെടുത്തെങ്കിലും നടത്തിപ്പുകാര്‍ ഒഴിഞ്ഞു കൊടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് ഖാദര്‍ പിള്ള കെട്ടിടം പൊളിക്കാന്‍ ജോയി ആന്റണിക്കു കരാര്‍ നല്‍കിയത്.