മുന്‍ മന്ത്രി എളമരം കരീമിനെതിരായ അഴിമതി ആരോപണം വിജിലന്‍സ് തള്ളി

single-img
1 November 2015

kareemതിരുവനന്തപുരം: മുന്‍ മന്ത്രി എളമരം കരീമിനെതിരായ അഴിമതി ആരോപണം വിജിലന്‍സ് തള്ളി.   ചക്കിട്ടപ്പാറയില്‍ ഖനനാനുമതിക്കായി എളമരം കരീം അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. കരീം കോഴ വാങ്ങിയിട്ടില്ലെന്ന് എസ്.പി ആര്‍ സുകേശന്‍ റിപ്പോര്‍ട്ട് നല്‍കി. കരീമിന്റെ ബന്ധുവിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

2013ല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എം.എസ്.പി.എല്‍ എന്ന കമ്പനിക്ക് അനധികൃതമായി ഖനനാനുമതി നല്‍കിയെന്ന ആരോപണം ഉയരുന്നത്.  വിവാദത്തിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

രാഷ്ട്രീയപ്രേരിതമായി ഉയര്‍ത്തിക്കൊണ്ടു വന്ന അടിസ്ഥാനരഹിതമായ ആരോപണമായിരുന്നു ചക്കിട്ടപ്പാറ കേസെന്ന് എളമരം കരീം പ്രതികരിച്ചു. ആര് അനേഷിച്ചാലും ഇത് തന്നെയേ സംഭവിക്കൂ. തന്നെ ഇക്കാര്യം അറിയിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് കേസ് എഴുതിത്തള്ളിയ വിവരം അറിഞ്ഞതെന്നും എളമരം കരീം പ്രതികരിച്ചു.