റഷ്യന്‍ യാത്രാവിമാനം ഐസിസ് വെടിവെച്ചിട്ടതല്ലെന്ന് ഈജിപ്ത്

single-img
1 November 2015

flight]കെയ്‌റോ: ഈജിപ്തിലെ സിനായ് പ്രവിശ്യയില്‍ റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണതിന് പിന്നില്‍ ഐസിസ് അല്ലെന്ന് ഈജിപ്ത്. തങ്ങളാണ് വിമാനം വീഴ്ത്തിയതെന്ന് ഐ.എസുമായി ബന്ധമുള്ള പ്രാദേശിക ഭീകരസംഘടന അപകടദിവസം തന്നെ ട്വിറ്ററിലൂടെ അവകാശപ്പെട്ടിരുന്നു. ശറം എല്‍ ശൈഖ് വിമാനത്താവളത്തില്‍നിന്ന് റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലേക്ക് പുറപ്പെട്ട എയര്‍ബസ് എ 321 വിമാനം തകര്‍ന്നു വീണ് 224 പേരാണ് മരിച്ചത്. ഇതില്‍ ഏറെയും റഷ്യ, യുക്രൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു.

സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി ഷെരിഫ് ഇസ്മായില്‍ സൂചിപ്പിച്ചു. 31,000 അടി ഉയരത്തില്‍ പറക്കുന്ന വിമാനം വെടിവെച്ചിടുക എളുപ്പമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വിമാനം വെടിവെച്ചിട്ടതിന് യാതൊരു തെളിവുമില്ലെന്നാണ് റഷ്യന്‍ ഗതാഗതവകുപ്പ് മന്ത്രി  പറഞ്ഞത്.

അതേസമയം വിമാനദുരന്തത്തെ കുറിച്ചുള്ള അന്വേഷണം ഈജിപ്ത് ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍, ഫ്രഞ്ച് ഉദ്യോഗസ്ഥരും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെടുത്ത് വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സിനായ് പ്രവിശ്യയ്ക്ക് മുകളിലൂടെ പറക്കാന്‍ ഒരുക്കമല്ലെന്ന് എമിറേറ്റ്‌സ്, എയര്‍ ഫ്രാന്‍സ്, ലുഫ്ത്താന്‍സ തുടങ്ങിയ വിമാനക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

പറന്നുയര്‍ന്ന് 23 മിനിറ്റിനുശേഷമാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. പടിഞ്ഞാറന്‍ സൈബീരിയയിലെ മെട്രോജറ്റ് കമ്പനിയുടേതാണ് അപകടത്തില്‍പ്പെട്ട വിമാനം. റഷ്യക്കാരുടെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് സിനായ് ഉപദ്വീപിലെ ചെങ്കടല്‍ തീരപട്ടണമായ ശറം എല്‍ ശൈഖ്.