ഡിജിറ്റല്‍ ഇന്ത്യയ്ക്കായി ഫെയ്‌സ്ബുക്കും ബി.എസ്.എന്‍.എല്ലും ഒന്നിക്കുന്നു

single-img
1 November 2015

BSNL-prices-incoming-calls-during-national-roaming-at-Rs-5-per-dayന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യയ്ക്കായി  ഫെയ്‌സ്ബുക്കും  ബി.എസ്.എന്‍.എല്ലും സഹകരിക്കുന്നു.  പദ്ധതിയുടെ ഭാഗമായി 100 ഗ്രാമങ്ങളില്‍ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍ ഒരുക്കുകയാണ് ലക്ഷ്യം.   ഫെയ്‌സ് ബുക്ക് വര്‍ഷം അഞ്ചുകോടി രൂപ മുടക്കും. ബി.എസ്.എന്‍.എല്ലിന്റെ ബാന്‍ഡ് വിഡ്ത് വാങ്ങുന്നതിനായിരിക്കും ഇത്.

വിവരസാങ്കേതിക അടിസ്ഥാന വികസന സേവന ദാതാക്കളായ ക്വാഡ് സെന്‍, ട്രൈമാക്‌സ് എന്നീ കമ്പനികളും ഒപ്പമുണ്ടാകും. ഉപകരണങ്ങള്‍ തയ്യാറാക്കുന്നതിനും ഫൈബര്‍ കേബിളുകളിടുന്നതിനുമാണ് ഇവര്‍ സഹകരിക്കുകയെന്ന് ബി.എസ്.എന്‍.എല്‍. ചെയര്‍മാന്‍ പറഞ്ഞു.

വരുമാനം പങ്കുവെയ്ക്കുന്ന രീതിയിലാണ് വൈഫൈ ഹോട്ട് സ്‌പോട്ട് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഫെയ്‌സ്ബുക്കായിരിക്കും പദ്ധതിയിലുള്‍പ്പെടുത്താനുള്ള 100 ഗ്രാമങ്ങളെ കണ്ടെത്തുക.  നിലവില്‍ മൂന്നുവര്‍ഷത്തേക്കാണ് സഹകരണമെങ്കിലും ഇത് രണ്ടുവര്‍ഷത്തേക്കു കൂടി നീട്ടിയേക്കും.

ഡിസംബര്‍ 31 ഓടെ വൈഫൈ പൂര്‍ണമായും സജ്ജമാക്കാനാകുമെന്നാണ് ബി.എസ്.എന്‍.എല്‍ കരുതുന്നത്. ഉപയോക്താക്കള്‍ക്ക് ആദ്യ ആറുമാസം സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ഒരേ സമയം ശരാശരി 2,000 പേര്‍ക്ക് ഉപയോഗിക്കാനുള്ള ശേഷിയാണ് വൈഫൈക്ക് ഉണ്ടാകുക.  സാമ്പത്തിക വര്‍ഷാവസാനത്തോടെ വൈഫൈ സേവനം 2,500 കേന്ദ്രങ്ങളില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.