ആദ്യഘട്ട തദ്ദേശതെരഞ്ഞെടുപ്പ് ; കൊട്ടിക്കലാശത്തിന് വര്‍ണ്ണാഭമായ കൊടിയിറക്കം; മുന്നണികള്‍ പ്രതീക്ഷയില്‍

single-img
31 October 2015

DSC_0632വര്‍ണ്ണാഭമായ കൊട്ടിക്കലാശം കൊടിയിറങ്ങി.   തദ്ദേശതെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന  ഏഴ്‌ ജില്ലകളിലെ പരസ്യ പ്രചരണം ശനിയാഴ്ച വൈകുന്നേരം അഞ്ച്‌ മണിക്ക്‌ അവസാനിച്ചു. ആവേശകരമായ കൊട്ടിക്കലാശത്തില്‍ വിവിധ മുന്നണിയിലെ പ്രവര്‍ത്തകര്‍ നിറഞ്ഞാടി. അവേശം കൊട്ടിക്കയറിയ പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കുറുകള്‍ വാശിയേറിയതായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്നു പ്രചാരണത്തിന്റെ സമാപന വേദി.

മൂന്ന് ആഴ്ചയിലധികമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചൂടിലായിരുന്നു കേരളം.  ഉച്ചതിരിഞ്ഞ് പ്രചരണ വാഹനങ്ങളും, കൊടി തോരളങ്ങളും, റോഡ് ഷോയുമൊക്കെ ചേര്‍ന്നതായിരുന്നു കൊട്ടികലാശം. ചില ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷങ്ങള്‍ നടന്നതൊഴിച്ചാല്‍ പൊതുവെ കൊട്ടിക്കലാശം സമാധാന പൂര്‍ണ്ണമായിരുന്നു. തങ്ങളുടെ വിജയം ഉറപ്പാക്കിയാണ് പ്രവര്‍ത്തകര്‍ തിരിച്ച് അവരുടേതായ പാളയത്തിലേക്ക്  മടങ്ങിയത്. ഇനി അടുത്ത ദിവസത്തെ നിശബ്ദപ്രചരണത്തിന് ശേഷം തിങ്കളാഴ്ച ബൂത്തുകളില്‍ എത്തും.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ തിങ്കളാഴ്‌ചയാണ്‌ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്‌ നടക്കുന്നത്‌.ഏഴ് ജില്ലകളിലായി 1,11,11,006 വോട്ടര്‍മാരാണുള്ളത്.   രണ്ടാംഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന മറ്റ്‌ ജില്ലകളിലെ പരസ്യ പ്രചരണം നവംബർ മൂന്നിന്‌ അവസാനിക്കും. എല്ലാ ജില്ലകളിലും നവംബർ 7ന്‌ വോട്ടെണ്ണും.