ബാര്‍ കോഴക്കേസിന്റെ അന്വേഷണ വേളയില്‍ യാതൊരു തരത്തിലുള്ള ബാഹ്യ ഇടപെടലുകളോ സമ്മര്‍ദ്ദമോ ഉണ്ടായിട്ടില്ലെന്ന് എസ്.പി ആര്‍.സുകേശന്‍

single-img
31 October 2015

sukeshanതിരുവനന്തപുരം: ബാര്‍ കോഴക്കേസിന്റെ അന്വേഷണ വേളയില്‍ യാതൊരു തരത്തിലുള്ള ബാഹ്യ ഇടപെടലുകളോ സമ്മര്‍ദ്ദമോ ഉണ്ടായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി ആര്‍.സുകേശന്‍. സ്വതന്ത്രമായാണ് താന്‍ കേസ് അന്വേഷിച്ചത്. സര്‍ക്കാരില്‍ നിന്നോ മേലുദ്യോഗസ്ഥരില്‍ നിന്നോ സമ്മര്‍ദ്ദമുണ്ടായിട്ടില്ല. അന്വേഷണം അനന്തമായി നീട്ടാതെ പെട്ടന്ന് തീര്‍ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും എസ്.പി സുകേശന്‍ പറഞ്ഞു. ഒരു സമ്മര്‍ദ്ദവുമുണ്ടായിട്ടില്ലെന്ന് മനസ് തുറന്നാണ് താന്‍ പറയുന്നതെന്ന് എസ്.പി സുകേശന്‍ വ്യക്തമാക്കി.

കോടതി ആദ്യമായല്ല ഒരു കേസില്‍ തുടരന്വേഷണം പ്രഖ്യാപിക്കുന്നത്. തുടരന്വേഷണം പ്രഖ്യാപിച്ചത് കൊണ്ട് മാത്രം ഒരാള്‍ കുറ്റക്കാരാനാണെന്ന് തെളിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് ഡയറക്ടറുടേതാണ് അന്തിമ റിപ്പോര്‍ട്ടിലെ നിഗമനങ്ങളാണെന്ന കോടതി പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വിജിലന്‍സില്‍ കാലാകാലങ്ങളായി നടക്കുന്ന നടപടിക്രമങ്ങള്‍ മാത്രമാണ് ഈ കേസിലും നടന്നതെന്നും സാധാരണ എല്ലാ വിജിലന്‍സ് കേസിലും നടക്കുന്നതാണ് അതെന്നും സുകേശന്‍ ചൂണ്ടിക്കാട്ടി.  താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും സുകേശന്‍ വ്യക്തമാക്കി.

കേസിന്റെ തുടരന്വേഷണം നടത്തുന്ന  എസ്.പി സുകേശന്‍ കേസ് ഫയല്‍  കോടതിയില്‍ നിന്നും കൈപ്പറ്റി. തന്റെ ടീമിലെ മറ്റ് ഉദ്യോസ്ഥരെ തിരഞ്ഞെടുത്ത ശേഷം അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.  ബാര്‍ കോഴ അന്വേഷണം ഇതുവരെ വിജിലന്‍സ് ഡയറക്ടറുടെ നിരീക്ഷണത്തിലായിരുന്നു നടന്നിരുന്നത്. എന്നാല്‍ ഇനി മുതല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ പൂര്‍ണ ഉത്തരവാദിത്വത്തിലാകും അന്വേഷണം നടക്കുക.