ബംഗലൂരു നഗരത്തിലെ കാമാക്ഷിപാള്യ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ സര്‍ക്കാര്‍ പോലും അറിയാതെ ഒരാള്‍ വിറ്റു കാശുവാങ്ങി

single-img
30 October 2015

Kamakshipalya

ബംഗലൂരുവിലെ കാമാക്ഷിപാള്യ ട്രാഫിക് പൊലീസ് സ്റ്റേഷനാണ് പൊലീസുകാരറിയാതെ ഭൂമാഫിയക്കാരന്‍ മറ്റൊരാള്‍ക്ക് വിറ്റു. വ്യജ രേഖകള്‍ ചമച്ച് സര്‍ക്കാര്‍ അറിയാതെ ഭൂമി കൈമാറ്റം ചെയ്യുകയായിരുന്നു. ബംഗലൂരുവിലെ മഗഡി മെയിന്‍ റോഡിലുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് കെട്ടിടം പുതുക്കി പണിയാന്‍ നിര്‍മ്മാണ തൊഴിലാളികള്‍ എത്തിയപ്പോഴാണ് ഇക്കാര്യം നിയമപാലകര്‍ അറിഞ്ഞത്.

സ്ഥലത്തെ പ്രധാന ഗുണ്ടാത്തലവനായ ബി ശിവകുമാറാണ് പോലീസ് സ്‌റ്റേഷന്‍ വില്‍പ്പന നടത്തിയത്. സ്ഥലം വര്‍ഷങ്ങളായി തന്റെ പേരിലാണെന്നും ഈ അടുത്തകാലത്ത് ഈ വസ്തു താന്‍ മറ്റൊരാള്‍ക്ക് വിറ്റെന്നുമാണ് ശിവകുമാര്‍ പോലീസിനോട് പറഞ്ഞത്. തന്റെ വസ്തുവില്‍ തനിക്ക് തോന്നിയത് പോലെ പ്രവര്‍ത്തിക്കുമെന്ന് വെല്ലുവിളിച്ച സ്വാമി പൊലീസിന്റെ കൃത്യ നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്തു.

പിന്നീട് സംഭവത്തെ്കകുറിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുകയായിരുന്നു. അപ്പോഴാണ് ശിവകുമാര്‍ ഡി നാഗേന്ദ്ര കമ്മത്തെന്ന് പേരുള്ള വ്യക്തിക്ക് പൊലീസ് സ്റ്റേഷന്‍ കെട്ടിടവും സ്ഥലവും വ്യാജരേഖകള്‍ ചമച്ച് വിറ്റുവെന്ന് മനസ്സിലായത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 1966 മുതല്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മുമ്പ് വാണിജ്യ നികുതി വിഭാഗത്തിന്റെ ടോള്‍ഗേറ്റായിരുന്ന പ്രദേശത്ത് 2003 മുതലാണ് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.

ഇതിനിടയില്‍ സംഭവം കോടതിയിലെത്തുകയും ചെയ്തു. വ്യാജ രേഖകളുമായി എത്തിയ ശിവകുമാര്‍ വര്‍ഷങ്ങളായി പൊലീസ് സ്റ്റേഷന്‍ ഇരിക്കുന്ന പ്രദേശത്താണ് താന്‍ താമസിക്കുന്നതെന്ന് കോടതിയെ അറിയിച്ചു. കാമാക്ഷിപാള്യ പൊലീസ് ഒക്ടോബര്‍ 16ന് കോടതി മുമ്പാകെ സ്ഥലം സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണെന്ന് കാണിച്ചുള്ള രേഖകള്‍ സമര്‍പ്പിച്ചിരിക്കുകയാണ്.