സേവാഗിനെപ്പോലെ കളിച്ചിരുന്നെങ്കിൽ സച്ചിൻ ഇതിലും വലിയ ക്രിക്കറ്ററായേനെ – കപിൽ ദേവ്

single-img
30 October 2015

Kapil-devദുബായ്: ലോകം കണ്ട ഏറ്റവും വലിയ ക്രികറ്ററിലൊരാളാണ് സച്ചിൻ തെണ്ടുൽക്കർ. കളിയിലെ പ്രതിഭാശാലതയ്ക്കൊപ്പം കളിക്കളത്തിൽ പാലിച്ചിരുന്ന അച്ചടക്കവുമാണ് മറ്റുള്ള ക്രിക്കറ്റർമാരിൽ നിന്നും സച്ചിനെ മഹാനാക്കുന്നത്. എന്നാൽ മാസ്റ്റർ ബ്ലാസ്റ്റർക്കെതിരെ വിമർശവുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്.

വിരേന്ദർ സെവാഗിനെപ്പോലെ കളിച്ചിരുന്നെങ്കിൽ സച്ചിൻ ഇതിനും വലിയ ഒരു ക്രിക്കറ്റർ ആകുമായിരുന്നു. സച്ചിൻ എന്നും ഒരു മുംബൈ ക്രിക്കറ്ററായിരുന്നു. ലോകക്രിക്കറ്റിനുവേണ്ടി അദ്ദേഹം കളിച്ചിട്ടില്ല. സാധാരണ ക്രിക്കറ്റ് കളിച്ചിരുന്ന മുംബൈയിലെ ക്രിക്കറ്റർമാരെ വിട്ട് സച്ചിൻ വിവിയൻ റിച്ചാർഡ്‌സിനൊപ്പമായിരുന്നു കൂടുതൽ സമയം ചിലവിടേണ്ടിയിരുന്നത്, കപിൽ പറഞ്ഞു.

സച്ചിനുമായി അടുത്തിടപഴകാൻ തനിക്ക് കൂടുതൽ അവസരം ലഭിച്ചിരുന്നെങ്കിൽ വീരേന്ദർ സെവാഗിനെപ്പോലെ കളിക്കണമെന്ന ഉപദേശമായിരിക്കും താൻ സച്ചിന് കൊടുക്കുക എന്ന് പറഞ്ഞ കപിൽ ദേവ് സാങ്കേതികമായി സച്ചിൻ പിഴവറ്റ ഒരു ക്രിക്കറ്ററാണ് എന്നും അഭിപ്രായപ്പെട്ടു.

നിയമത്തിൽ നിന്ന് തെല്ലും വ്യതിചലിക്കാത്തയാളായിരുന്നു സച്ചിൻ. അതുകൊണ്ടുതന്നെ സെഞ്ച്വറികൾ നേടാൻ അദ്ദേഹത്തിന് വലിയ ആയാസ്സപ്പെടേണ്ടിവരാറില്ല. എന്നാൽ, റിച്ചാർഡ്‌സിനെപ്പോലെ കൈവിട്ട കളി കളിക്കാൻ സച്ചിന് കഴിയില്ല. അതുകൊണ്ട് തന്നെ ഡബിൾ സെഞ്ച്വറിയും ട്രിപ്പിൾ സെഞ്ച്വറിയും നാന്നൂറ് റൺസുമൊന്നും നേടുന്നത് എങ്ങനെയെന്ന് സച്ചിന് അറിയില്ല. ഈ നേട്ടങ്ങളെല്ലാം കൈവരിക്കാനുള്ള കഴിവും പ്രതിഭവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ മുംബൈ ക്രിക്കറ്റ് സ്‌കൂളിൽ പെട്ടുപോയ സച്ചിന് തന്റെ കഴിവ് വേണ്ടവണ്ണം ഉപയോഗിക്കാൻ കഴിഞ്ഞില്ല,  കപിൽ പറഞ്ഞു.

കപിൽ ദേവ് ഇന്ത്യൻ പരിശീലകനായിരുന്നപ്പോൾ സച്ചിനായിരുന്നു ക്യാപ്റ്റൻ. ഈ കാലയളവിലാണ് സച്ചിൻ ടെസ്റ്റിലെ തന്റെ ആദ്യ ഇരട്ടസെഞ്ച്വറി നേടിയത്. ദുബായിയിലെ ജുമൈറ ഹോട്ടലിൽ തിരഞ്ഞെടുത്ത ആളുകളെ അഭിസംബോധന ചെയ്ത് കപിൽ സംസാരിക്കുകയായിരുന്നു. ഷെയ്ൻ വോൺ, വസീം അക്രം, വഖാർ യൂനിസ്, ഇയാൻ ബോത്തം എന്നിവരും പരിപാടിയിൽ സംബന്ധിച്ചിരുന്നു.