നൂറു തെരുവുനായ്ക്കളെ കോയമ്പത്തൂരില്‍ കൊണ്ടുപോയി സംരക്ഷിക്കാനുള്ള പഞ്ചായത്തിന്റെ അനുമതി റദ്ദാക്കാന്‍ ഇടപെട്ടുവെന്നാരോപിക്കുന്ന ഹര്‍ജിയില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു

single-img
29 October 2015

maneka gandhi_0

തെരുവുനായ്ക്കളെ കോയമ്പത്തൂരില്‍ കൊണ്ടുപോയി സംരക്ഷിക്കാനുള്ള പഞ്ചായത്തിന്റെ അനുമതി റദ്ദാക്കാന്‍ ഇടപെട്ടുവെന്നാരോപിക്കുന്ന ഹര്‍ജിയില്‍ കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. നൂറ്‌തെരവ് നായ്ക്കളെ കോയമ്പത്തൂരിലെ ‘സ്‌നേഹാലയ’ത്തിനു കൈമാറാനുള്ള മുവാറ്റുപുഴ ആയവന പഞ്ചായത്തിന്റെ അനുമതി റദ്ദാക്കാന്‍ ഇടപെട്ടുവെന്നാരോപിക്കുന്ന ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

പെരുമ്പാവൂര്‍ സ്വദേശി സെബാസ്റ്റ്യന്‍ മാത്യു എന്ന ഒ.എം. ജോയ് നായ്ക്കളെ കൈമാറാന്‍ ആയവന പഞ്ചായത്ത് നല്‍കിയ അനുമതി പിന്‍വലിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണു നോട്ടീസ്. പഞ്ചായത്തിനും നോട്ടിസ് നല്‍കിയിട്ടുണ്ട്.

ജനസേവ ശിശുഭവനുമായി ചേര്‍ന്നു നായ്ക്കളെ ഏറ്റെടുക്കാന്‍ തയാറുള്ള സംഘടനകള്‍ക്കായി താന്‍ തിരച്ചില്‍ നടത്തിയതായും ആ സമയം സ്‌നേഹാലയം 100 നായ്ക്കളെ സംരക്ഷിക്കാമെന്ന് അറിയിച്ചതോടെ പഞ്ചായത്തിന്റെ അനുമതി തേടുകയായിരുന്നുവെന്നും ഹര്‍ജ്ജിയില്‍ പറയുന്നു. പഞ്ചായത്ത് അനുമതി നല്‍കിയെങ്കിലും അതു പിന്‍വലിച്ച് 2015 ഒക്ടോബര്‍ 10നു പഞ്ചായത്ത് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.

ഉത്തരവില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള സന്ദേശത്തെ തുടര്‍ന്ന് അനുമതി പിന്‍വലിക്കുന്നു എന്നാണ് പറയുന്നത്. കേരള പഞ്ചായത്ത്‌രാജ് നിയമപ്രകാരമുള്ള നടപടിക്രമങ്ങളില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്നും ഈ പ്രശ്‌നത്തില്‍ ഇടപെട്ടത് വനം പരിസ്ഥിതി മന്ത്രാലയം പോലുമല്ലാത്ത വകുപ്പാണെന്നും ഹര്‍ജ്ജിയില്‍ സൂചിപ്പിക്കുന്നു.