ഗീതയെ സംരക്ഷിച്ചത് ഈദി മാലാഖയുടെ കാരുണ്യകരങ്ങള്‍

single-img
28 October 2015

r-abdul-sattar-edhi-large570

ഒരു ദശാബ്ദത്തിലേറെ കാലമായി പാകിസ്ഥാനില്‍ അകപെട്ടുപോയ ഗീത മാതൃരാജ്യമായ ഇന്ത്യയില്‍ തിരിച്ചെത്തി എന്ന വാര്‍ത്ത എല്ലാ ഭാരതീയരിലും സന്തോഷമുണര്‍ത്തിയിരുന്നു. എന്നാല്‍ ഇത്രയും നാള്‍ ബധിരയും മൂകയുമായ ഗീതയെ സംരക്ഷിച്ചിരുന്ന പാകിസ്ഥാനിലെ ഈദി ഫൗണ്ടേഷന്‍ എന്ന ജീവകാരുണ്യ സംഘടനയുടെ നാമം അധികമൊന്നും ആരും പറഞ്ഞുകേട്ടില്ല എന്നതാണ് വാസ്തവം.

ഏഴോ എട്ടോ വയസുള്ളപ്പോഴാണ് ഗീത പാകിസ്ഥാനില്‍ അകപെട്ടുപോയത്. അന്നുമുതല്‍ അവളെ പരിപാലിച്ച് തിരികെ സുരക്ഷിതമായി നാട്ടിലേക്ക് മടക്കിയയിച്ച അബ്ദുല്‍ സത്താര്‍ ഈദി എന്ന മനുഷ്യ സ്‌നേഹിയെ കുറിച്ചോ അദ്ദേഹത്തിന്റെ പത്‌നി ബില്‍കിസ് ഭാനു ഈദിയെ കുറിച്ചൊ ഒരു മാധ്യമങ്ങളും പറഞ്ഞിരുന്നില്ല. രാജ്യമെങ്ങും പാകിസ്ഥാനെതിരെ വാക്കുക്കളുയര്‍ത്തുമ്പോള്‍ ഒരു പാക് പൗരനും അയാളുടെ ഭാര്യയും ചെയ്ത സല്പ്രവര്‍ത്തികള്‍ മനപ്പൂര്‍വ്വം പ്രതിപാതിക്കാന്‍ കൂട്ടാക്കത്തതാവാം. അല്ലെങ്കില്‍ പാകിസ്ഥാന്‍ നടത്തുന്ന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അതിന്റെ ശോഭ മങ്ങിപോയതുമാകാം. ഇന്ത്യപാക്ക് അതിര്‍ത്തിയില്‍ ആക്രമണങ്ങളും രക്തച്ചൊരിച്ചിലും നടക്കുമ്പോഴും ശത്രുതയ്ക്കിടയിലും ഇരുരാജ്യങ്ങള്‍ തമ്മില്‍ മനുഷ്യത്വം നഷ്ടമായിട്ടില്ലെന്ന് കാണിക്കുന്നതാണ് ഈ സംഭവം.

നിലവില്‍ പാകിസ്ഥാന്‍ പൗരനാണെങ്കിലും ജന്മം കൊണ്ട് തികഞ്ഞ ഭാരതീയനാണ് ഈദി ഫൗണ്ടേഷന്‍ മേധാവി അബ്ദുല്‍ സത്താര്‍ ഈധി. 1928ല്‍ ഗുജറാത്തിലെ ജൂനാഘറിനടുത്ത് ബാന്ധ്വി ഗ്രാമത്തില്‍ ജനിച്ച ഈധി പിന്നീട് ഇന്ത്യപാക് വിഭജനത്തോടെ പാകിസ്ഥാനിലേക്ക് പലായനം ചെയ്യുകയായിരുന്നു. ചെറുപ്പകാലം മുതല്‍ യാതനകള്‍ അനുഭവിച്ചാണ് ഈധി വളര്‍ന്നത്. നന്നേ ചെറുപ്പത്തില്‍ തന്നെ പിതാവ് നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ മാതാവ് മാറാരോഗിയുമായിരുന്നു. ഈദിയുടെ പതിനൊന്നാം വയസ്സില്‍ പൂര്‍ണ്ണമായി തളര്‍ന്ന മാതാവിന് പിന്നീട് മാനസിക വൈകല്യവും പിടിപ്പെട്ടു. മരണംവരെ ഉമ്മയുടെ എല്ലാം കാര്യങ്ങളും നോക്കിയിരുന്നത് ഈദിയായിരുന്നു. അദ്ദേഹത്തിന്റെ 19ആം വയസ്സില്‍ ഉമ്മയും മരണപ്പെട്ട് ഈദി ഒറ്റയ്ക്കായി. നിര്‍ധനരായവര്‍ക്കും ആരും തുണയില്ലാത്തവര്‍ക്കുമായി തന്റെ ജീവിതം സമര്‍പ്പിക്കാന്‍ ഈദിയെ പ്രേരിപ്പിച്ചത് യാതനകള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ കുട്ടികാലമാകാം. സ്‌കൂള്‍ തലത്തില്‍ വിദ്യാഭ്യാസം മുടങ്ങിയ ഈധി സ്വന്തം ജീവിതാനുഭവങ്ങളെയാണ് പാഠമാക്കിയത്. ഈദിയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഭാര്യ ബില്‍കിസും ഒപ്പമുണ്ട്.

Geeta_President_PTI

ഈദി ട്രസ്റ്റിന്റെ ഭാഗമായ മറ്റേര്‍ണിറ്റി ഹോം നോക്കി നടത്തുന്നത് ഒരു നഴ്‌സുകൂടിയായ ബില്‍കിസ് ഭാനു ഈദിയാണ്. ഗീതയെപ്പോലെ ഒറ്റപെട്ടുപോയതും അനാഥരാതുമായ നിരവധി കുഞ്ഞുങ്ങള്‍ ഇവിടത്തെ തണലില്‍ സുരക്ഷിതരാണ്. തികച്ചും സേവനം മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണ് ഈധി ദമ്പതികള്‍ ട്രസ്റ്റ് നടത്തുന്നത്. ലോകമെമ്പാടുനിന്നും ഇവിടേക്ക് ധനസഹായവും മറ്റും എത്തുന്നുണ്ട്. അതെല്ലാം ഈദിയും പത്‌നിയും ചിലവഴിക്കുന്നത് നിര്‍ധനര്‍ക്ക് വേണ്ടി മാത്രമാണ്. പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന വരിമാനംകൊണ്ടാണ് ഈദിയും കുടുംബവും കഴിയുന്നത്. പണമല്ല അവരുടെ ലക്ഷ്യം മറിച്ച് സേവനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്ത ഒരു കോടി രൂപ അവര്‍ നിരസിച്ചത് അത് വ്യക്തമാക്കുന്നു. ആ പണം ഇന്ത്യയിലുള്ള ബധിരരും മൂകരുമായ കുട്ടികള്‍ക്കായി ചിലവഴിക്കാനാനായിരുന്നു ഈദിയുടെ അഭ്യര്‍ത്ഥന.

മാനവിക സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായ ഈദി ഫൗണ്ടേഷന്റെ സേവനങ്ങള്‍ക്ക് ആദരസൂചകമായി നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1986ലെ മാഗ്‌സാസെ അവാര്‍ഡ്, ദുബായി സര്‍ക്കാറിന്റെ ഹാംദന്‍ പുരസ്‌ക്കാരം, ബാല്‍സാന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌ക്കാരങ്ങള്‍ക്ക് പുറമെ ഇന്ത്യയില്‍ നിന്നും ഗാന്ധി പീസ് അവാര്‍ഡ് പോലുള്ള അനേകം സമാധാന പുരസ്‌ക്കാരങ്ങളും ഈദി ഫൗണ്ടെഷനെ തേടിയെത്തി.

തന്റെ സഹജീവികള്‍ക്കായി സ്വജീവിതം സമര്‍പ്പിച്ചിരിക്കുന്ന അബ്ദുള്‍ സത്താര്‍ ഈദി പാകിസ്ഥാനികള്‍ക്ക് ദൈവതുല്യനാണ്. എവിടെ ആര്‍ക്ക് സഹായം വേണ്ടിവരുന്നുവോ അവിടേക്ക് ഓടിയെത്താനായി എപ്പോഴും സര്‍വ്വസന്നദ്ധനാണ് ഈദി. അതിനാല്‍ അവര്‍ സ്‌നേഹപൂര്‍വ്വം അദ്ദേഹത്തെ വിളിക്കുന്നു; ‘കാരുണ്യത്തിന്റെ മാലാഖ’.