ചൈനയിൽ പെണ്ണുകിട്ടാനില്ല; ഒരു പെണ്ണിനെ രണ്ടുപേർ കെട്ടട്ടെ

single-img
28 October 2015

chinaബെയിജിങ് : ആൺ-പെൺ ലിംഗാനുപാതത്തിൽ ചൈനയിൽ വലിയ അന്തരമാണ് നിലവിൽ. ഇതിന്റെ അനന്തര ഭലമായി നിരവധി ചൈനീസ് ചെറുപ്പക്കാർ പെണ്ണുകിട്ടാതെ അലയുകയാണ്. ഇതിനൊരു കിടിലൻ പോംവഴിയുമായി എത്തിയിരിക്കുകയാണ് ഷെയ്ജിംഗ് സർവകാലാശാലയിലെ ഫിനാൻസ് ആൻഡ് എകണോമിക്സ് വിഭാഗം പ്രൊഫസറായ ഷീ സുവോഷി. ഒരു സ്ത്രീയെ രണ്ടുപേർ ചേർന്ന് വിവാഹം ചെയ്യട്ടെ എന്നാണ് സുവോഷിയുടെ നിർദ്ദേശം. പ്രൊഫസർ മുന്നോട്ട് വച്ച ഈ നിർദേശം ചൈനയിൽ വൈറലായിക്കഴിഞ്ഞു.

രണ്ട് പുരുഷന്മാർ തമ്മിലുള്ള വിവാഹം ചൈനീസ് സർക്കാർ നിയമവിധേയമാക്കുന്നതും നിലവിലുള്ള പ്രതിസന്ധിക്ക് ഒരു പരിഹാരമാണെന്നും സുവോഷി നിർദേശിച്ചിട്ടുണ്ട്.

ബ്ലോഗിലൂടെയാണ് സുവോഷി തന്റെ ആശയം പങ്കുവെച്ചത്.

“അനേകം പുരുഷന്മാർക്ക് പ്രത്യേകിച്ച് പാവപ്പെട്ട പുരുഷന്മാർക്ക് ഭാര്യമാരെ കണ്ടെത്താൻ കഴിയുന്നില്ല. ഭാര്യയും കുട്ടികളും ഇല്ലാത്ത അവർ വയസ്സുകാലത്ത് ആരും സംരക്ഷിക്കാനില്ലാതെ ജീവിച്ചു മരിക്കേണ്ടി വരുന്നു. പെൺകുട്ടികളുടെ ദൗർലഭ്യം അവരുടെ വില വർധിപ്പിച്ചിരിക്കുകയാണ്. പണക്കാരായ പുരുഷന്മാരെ സംബന്ധിച്ച് അത് പ്രശ്‌നമല്ല. എന്നാൽ പാവപ്പെട്ടവർക്ക് അത്  താങ്ങാനാവുന്നില്ല. അവർക്കുള്ള ഏക പോംവഴി ഒരു സ്ത്രീയെ രണ്ടു പുരുഷന്മാർ ചേർന്ന് വിവാഹം കഴിക്കുക എന്നുള്ളതാണ്”, പ്രൊഫസർ ഷീ സുവോഷി പറയുന്നു.

ഇക്കാര്യം താൻ വെറുതെ പറയുന്നതല്ലെന്നും ചില ഉൾനാടൻ പ്രദേശങ്ങളിൽ രണ്ട് സഹോദരന്മാർ ചേർന്ന് ഒരു സ്ത്രീയെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നുണ്ടെന്നും പ്രൊഫസർ തന്റെ ബ്ലോഗിൽ ചൂണ്ടികാട്ടുന്നു. 2020 ആകുമ്പോഴേക്കും ചൈനയിൽ 30 മില്യൻ അവിവാഹിതരായ പുരുഷന്മാർ ഉണ്ടാകുമെന്നാണ് കണക്കുകൾ സുചിപ്പിക്കുന്നത്.

അതേസമയം പ്രൊഫസറുടെ ആശയത്തെ അനുകൂലിക്കുന്നതിനൊപ്പം ശക്തമായ പ്രതിഷേധങ്ങളും അതിനെതിരെ ചൈനയിൽ രൂക്ഷമാണ്. എന്നാൻ തന്റെ ആശയത്തിൽ വലിയ തെറ്റൊന്നുമില്ലെന്ന നിലപാടിലാണ് പ്രൊഫസർ ഷീ സുവോഷി.