പിതാവിനൊപ്പം ബംഗ്ലാദേശില്‍ എത്തപ്പെട്ട് രണ്ടാനമ്മയുടെ പീഡനത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങി ഇന്ത്യയിലെത്തുകയും നാല് വര്‍ഷമായി ഇന്ത്യ സ്‌നേഹം നല്‍കി വളര്‍ത്തുകയും ചെയ്യുന്ന റംസാന്‍ എന്ന പാക് ബാലനെ ഇന്ത്യ പാകിസ്ഥാനിലുള്ള മാതാവിന് കൈമാറും

single-img
27 October 2015

Ramzan

ഗീതയെ പാകിസ്ഥാന്‍ നോക്കിയതുപോലെ ഇന്ത്യയും സ്‌നേഹം നല്‍കി വളര്‍ത്തുന്നുണ്ട്, ഒരു പാക് ബാലനെ. റംസാന്‍ എന്നാണ് അവന്റെ പേര്. പാകിസ്ഥാനിലുള്ള മാതാവിനെ ഉപേക്ഷിച്ച് ബംഗ്ലാദേശിലേക്കു പിതാവിനൊപ്പം പോയ റംസാന്‍ അവിടെ നിന്നും ഇന്ത്യയിലെത്തപ്പെടുകയായിരുന്നു. നാലള വര്‍ഷമായി ഇന്ത്യ കാത്തു സൂക്ഷിക്കുന്ന റംസാനെ ഗീതയുടേതുപോലെ സമാനരീതിയില്‍ പാകിസ്ഥാന് കൈമാറാനാണ് ഇന്ത്യയുടെ നീക്കം.

റംസാനെ സംരക്ഷിക്കുന്ന ഭോപ്പാല്‍ ചൈല്‍ഡ് ലൈനുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. 10 വര്‍ഷം മുമ്പ് റംസാന്റെ മാതാവിനെ ഉപേക്ഷിച്ച് പിതാവ് ബംഗ്ലാദേശിലേക്ക് പോകുകയായിരുന്നു. റംസാനുമായി ബംഗ്ലാദേശിലെത്തിയ പിതാവ് അവിടെ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല റംസാനെ കാത്തിരുന്നത് രണ്ടാനമ്മയുടെ പീഡന പര്‍വ്വമായിരുന്നു.

സഹികെട്ട് ഒടുവില്‍ പാകിസ്ഥാനിലേക്ക് പോകാന്‍ 2011 ല്‍ ഒറ്റയ്ക്ക് വീടുവിട്ടിറങ്ങിയ ബാലന്‍ ബംഗ്ലാദേശ്- ഇന്ത്യന്‍ അതിര്‍ത്തി കടന്ന് നിരവധി സംസ്ഥാനങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ മഭാപാലില്‍ എത്തുകയായിരുന്നു. ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസുകാര്‍ റംസാനെ സാമൂഹ്യക്ഷേമവകുപ്പിന്റെ ഭവനത്തിലാക്കി സംരക്ഷിച്ചു. ഭോപ്പാലിലെ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ അര്‍ച്ചന സഹായി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചെങ്കിലും റംസാന്‍ പാകിസ്ഥാന്‍ പൗരനാണെന്നതിന് രേഖകളില്ലാത്തതിനാല്‍ ഫയല്‍ ക്ലോസ് ചെയ്തതായി അറിയിച്ചു.

എന്നാല്‍ ഭോപാല്‍ സ്വദേശിയായ ഒരു ചാര്‍ട്ടേഡ് അക്കൗണ്ട് വിദ്യാര്‍ഥി റംസാന്റെ ചിത്രം തന്റെ ഫേസ് ബുക്കിലൂടെ പങ്കുവെച്ചതോടെ കറാച്ചിയിലെ റംസാന്റെ മാതാവ് ഉള്‍പ്പെടുന്ന ബന്ധുക്കള്‍ റംസാനെ തിരിച്ചറിയുകയായിരുന്നു. തന്റെ മകനെ തിരികെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിക്കുന്ന ഒരു വീഡിയോ മാതാവ് റസിയ ബീഗം ഇന്റര്‍നെറ്റ് അപ് ലോഡ് ചെയ്തുവെങ്കിലും കാര്യമായ ചലനമുണ്ടാക്കിയില്ല.

പാക് സര്‍ക്കാര്‍ ഇന്ത്യയുടെ പുത്രി ഗീതയെ സ്വദേശത്തേക്ക് എത്തിക്കാന്‍ നല്‍കിയ സഹായങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് റംസാന്റെ കാര്യത്തില്‍ ഇടപെടുകയായിരുന്നു. ഇതിന്റെ ഭാഗമായി ഭോപ്പാല്‍ ചൈല്‍ഡ് ലൈന്‍ അധികൃതരുമായി തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടിരുന്നു.