സച്ചിന്‍ തെന്‍ഡുല്‍ക്കറും ഷെയ്ന്‍ വോണും സംയുക്തമായി നടത്തുന്ന ഓള്‍ സ്റ്റാര്‍സ് ക്രിക്കറ്റ് ട്വന്റി-20 യിലേക്ക് ഇതിഹാസ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ സച്ചിന്റെ അഭ്യര്‍ത്ഥനപ്രകാരം വീരേന്ദ്ര സെവാഗും എത്തുന്നു

single-img
27 October 2015

Sachin_Sehwag

ആര് മറന്നാലും ആ പഴയ ഓപ്പണര്‍ വീരുവിനെ സച്ചിന്‍ മറക്കില്ല. അതുകൊണ്ടുതന്നെയാണ് ക്രിക്കറ്റ് ഇതിഹാസ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും ഷെയ്ന്‍ വോണും സംയുക്തമായി നടത്തുന്ന ഓള്‍ സ്റ്റാര്‍സ് ക്രിക്കറ്റ് ട്വന്റി-20 യിലേക്ക് സച്ചിന്‍ വീരേന്ദ്ര സെവാഗിനെ ക്ഷണിച്ചതും.

സച്ചിന്‍ തന്നെയാണ് രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നും കഴിഞ്ഞയാഴ്ച വിരമിച്ച സെവാഗ് ഓള്‍ സ്റ്റാര്‍ ലീഗിലേക്ക് എത്തുന്ന കാര്യം അറിയിച്ചത്. പ്രിയപ്പെട്ട സുഹൃത്തും സ്വന്തമായി ബാറ്റിങ് ശൈലിയുമുള്ള വീരേന്ദര്‍ സെവാഗിനെ ഹൃദയപൂര്‍വം ട്വന്റി-20 ഓള്‍ സ്റ്റാര്‍സിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്.

ട്വന്റി-20 ഫോര്‍മാറ്റിലുള്ള മത്സരങ്ങള്‍ നവംബറിലാണ് ആരംഭിക്കുന്നത്. അമേരിക്കയിലെ ബേസ്‌ബോള്‍ സ്‌റ്റേഡിയങ്ങളിലാകും മത്സരങ്ങള്‍. വിരമിച്ച താരങ്ങളാണ് രണ്ടു ടീമുകളിലുമായി അണിനിരക്കുക. പാക്കിസ്ഥാന്റെ വസീം അക്രം, വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയന്‍ ലാറ, ദക്ഷിണാഫ്രിക്കയുെട ജാക്ക് കാലിസ്, ഇംഗ്ലണ്ടിന്റെ മൈക്കല്‍ വോണ്‍, ശ്രീലങ്കയുടെ മഹേല ജയവര്‍ധന എന്നിവരുള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങളാണ് കളത്തിലിറങ്ങുന്നത്.